
അടൂർ : സ്റ്റേഡിയത്തിനായി അടൂർ നഗരസഭ വാങ്ങിയ സ്ഥലത്ത് രാജ്യാന്തര നിലവാരത്തിൽ സിന്തറ്റിക് ഫുട്ബാൾ കോർട്ട് സ്ഥാപിക്കാൻ തീരുമാനമായി. ആറാം വാർഡിലെ പുതുവാക്കൽ ഏലായിലെ നാലര ഏക്കർ സ്ഥലത്താണ് നിർദ്ദിഷ്ട ഫുട്ബാൾ കോർട്ട് . ആധുനിക രീതിയിൽ സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയം നിർമ്മിക്കുന്നതിനായിരുന്നു ആദ്യതീരുമാനം. ഇതിനായി സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപയും അനുവദിച്ചിരുന്നു. സ്റ്റേഡിയം നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഇല്ലെന്നുപറഞ്ഞ് കരാർ ഏറ്റെടുത്തവർ ഉഴപ്പി.. സ്ഥലം ഏറ്റെടുത്ത് നൽകിയപ്പോഴേക്കും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. കായി ക - ധനകാര്യ മന്ത്രിമാരുമായി ചിറ്റയം ഗോപകുമാർ എം. എൽ. എ നടത്തിയ ചർച്ചയെ തുടർന്നാണ് ഫുട്ബാൾ കോർട്ടിനുള്ള അനുമതി ലഭിച്ചതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയതും. കൊടുമണ്ണിൽ സിന്തറ്റിക് ട്രാക്കോടുകൂടിയ പുതിയ സ്റ്റേഡിയം നിർമ്മിച്ചതോടെയാണ് അടൂരിൽ ഫുട്ബാൾ കോർട്ടാണ് അഭികാമ്യമെന്ന തീരുമാനത്തിലെത്തിയത്. ഇതിനൊപ്പം ഗാലറിയും വിശ്രമമുറിയും, ശുചി മുറിയും നിർമ്മിക്കും. ഇതു സംബന്ധിച്ച പരിശോധന കഴിഞ്ഞ ദിവസം നടത്തി. കായിക യുവജനകാര്യ വകുപ്പ് ചീഫ് എൻജിനീയർ എസ്. രാജീവ്, എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ബിജു, കിറ്റ്കോ പ്രതിനിധികളായ ബാബു വൈശാഖ്, പി. ജെ. ജീവൻ, ഫാബിയാൻ ഡിക്രൂസ് എന്നിവർക്കൊപ്പം നഗരസഭാ ചെയർപേഴ്സൺ സിന്ധു തുളസീധരകുറുപ്പ്, വാർഡ് കൗൺസിലർ ഷൈനി ബോബി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ. പി. ജയൻ, ഡി.സജി, ഏംകുളം നൗഷാദ്, ബോബി മാത്തുണ്ണി, കെ. ജി. വാസുദേവൻ, എസ്. അഖിൽ എന്നിവരും ഉണ്ടായിരുന്നു. പ്ളാൻ സർക്കാരിലേക്ക് സമർപ്പിച്ച് ഇനി അനുമതി നേടിയെടുക്കണം. ഡിസംബറിലേക്ക് നിർമ്മാണം തുടങ്ങുകയാണ് ലക്ഷ്യം.-
-------------------
നിർമ്മാണ ചെലവ് : 6.50 കോടി.
ഫുട്ബാൾ കോർട്ടിന്റെ നീളം : 105 മീറ്റർ
വീതി- 67 മീറ്റർ.
സ്റ്റേഡിയത്തിന് ചുറ്റും നടപ്പാത
ഗാലറി, ഫ്ളഡ് ലൈറ്റ്.