06-thiruvalla-bypass2
തിരുവല്ല ബൈപാസിന്റെ അവസാനഘട്ട നിർമ്മാണ പുരോഗതി ആന്റോ ആന്റണി എം.പി, അഡ്വ. മാത്യു.ടി തോമസ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

പത്തനംതിട്ട: തിരുവല്ല ബൈപാസിന്റെ അവസാനഘട്ട നിർമ്മാണ പുരോഗതി ആന്റോ ആന്റണി എം.പി, അഡ്വ. മാത്യു.ടി തോമസ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. ബൈപാസിന്റെ അവസാന ഘട്ടമായ മല്ലപ്പള്ളി-രാമഞ്ചിറ റോഡിന്റെ പണികളാണ് പരിശോധിച്ചത്. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ, കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എൻജിനീയർ സിനി മാത്യു, കെ.എസ്.ടി.പി അസിസ്റ്റന്റ് എൻജിനീയർ റഹ്മത്ത് തുടങ്ങിയർ പങ്കെടുത്തു.
തിരുവല്ലയുടെ സ്വപ്ന പദ്ധതിയായ ബൈപാസ് 2021 ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കും വിധം വളരെ വേഗത്തിലാണു നിർമ്മാണം പുരോഗമിക്കുന്നതെന്ന് എം.പിയും എം.എൽ.എയും പറഞ്ഞു. ഡിസൈനിലുണ്ടായ അപാകത, വെള്ളപ്പൊക്കം, കൊവിഡ് മൂലമുണ്ടായ തൊഴിലാളി ക്ഷാമം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങൾ മൂലം ബൈപാസിന്റെ പണികൾ നീട്ടിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ബൈപാസിന്റെ യഥാർത്ഥ ഡിസൈൻ പ്രകാരം മല്ലപ്പള്ളി- രാമഞ്ചിറ റോഡിൽ 40 അടിയോളം ഉയരത്തിൽ മണ്ണിട്ട് നികത്താനായിരുന്നു പദ്ധതി. എന്നാൽ ഇപ്രകാരം ഉയർത്താൻ ലക്ഷകണക്കിന് ക്യുബിക്ക് മീറ്റർ മണ്ണ് ആവശ്യമായി വരും. ചതുപ്പുനിലമായതിനാൽ മണ്ണിട്ട് നികത്തിയാൽ ഭാവിയിൽ ഇരുത്തപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഈ കാരണങ്ങൾ കണക്കിലെടുത്ത് പുതിയ ഡിസൈൻ തയ്യാറാക്കി ലോക ബാങ്കിന്റെ അനുമതി നേടി പഴയ കരാർ അവസാനിപ്പിച്ച് പുതിയ ടെൻഡർ വിളിച്ച ശേഷമാണ് മല്ലപ്പള്ളി - രാമഞ്ചിറ റോഡിന്റെ പണികൾ ആരംഭിച്ചത്. ഗർഡറുകൾ കാസ്റ്റ് ചെയ്യുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. ഗർഡറുകൾ കാസ്റ്റ് ചെയ്തശേഷം സ്ലാബ് വാർത്ത് ജനുവരിയിൽ റോഡ് തുറന്നു കൊടുക്കാൻ സാധിക്കും.