പത്തനംതിട്ട: രണ്ട് അഭിഭാഷകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് വിവാദമാകുന്നു. ഡി.എം.ഒ യുടെ നിർദ്ദേശം മറികടന്നാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. വോട്ടെടുപ്പിൽ പങ്കെടുത്ത രണ്ട് അഭിഭാഷകർക്കാണ് കൊവിഡ്. ഇതോടെ മറ്റുള്ളവർ ഭീതിയിലാണ്. കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ആറ് ആഴ്ച കഴിഞ്ഞ് ആലോചിച്ച് നടത്തണമെന്ന് ഡി.എം.ഒ നിർദ്ദേശിച്ചിരുന്നു. എന്നാൽ കൊവിഡ് മാനദണ്ഡപ്രകാരം ജില്ലാ കളക്ടരുടെ അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് വരണാധികാരിയായിരുന്ന ജേക്കബ് വർഗീസ് കൂടപ്പറമ്പിൽ പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കാൻ ഡി.എം.ഒയും പറഞ്ഞിരുന്നു. രണ്ട് അഭിഭാഷകർക്ക് കൊവിഡ് ബാധിച്ചത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലെന്നും തെരഞ്ഞെടുപ്പിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കഴിഞ്ഞ 29 നാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വോട്ട് ചെയ്യാൻ സമയവും അനുവദിച്ചിരുന്നു. യാതൊരു തിരക്കും ഉണ്ടായിരുന്നില്ല. വെറുതെ ചിലർ വിവാദം ഉണ്ടാക്കുകയാണ്.ഇത് രാഷ്ട്രീയമല്ലെന്നും വ്യക്തമായ രാഷ്ടീയം ഇല്ലാത്ത നിരവധി പേർ രണ്ട് പാനലിലും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകർക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് വേഗത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ കാരണമെന്നാണ് ഒരു വിഭാഗം അഭിഭാഷകർ ആരോപിക്കുന്നത്.
"നിയമപരമായി തന്നെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തിരഞ്ഞെടുപ്പ്. ഡി.എം.ഒയോട് അനുമതി തേടിയിരുന്നു. എ.ഡി.എമ്മിന്റെ അനുമതി ലഭിക്കുകയും ചെയ്തു. കൊവിഡ് എല്ലായിടവും വർദ്ധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാരണമാണ് അഭിഭാഷകർക്ക് കൊവിഡ് പോസിറ്റീവ് ആയതെന്ന് കരുതാനാവില്ല. "
ജ്യോതി രാജ്
(ബാർ അസോസിയേഷൻ പ്രസിഡന്റ്)