photo

കോന്നി : കോന്നി ആനത്താവളത്തിലെ താപ്പാനയും കുട്ടിയാനയും ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ജീവനക്കാരിൽ നിന്ന് അധികൃതർ വിവരങ്ങൾ ശേഖരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് താപ്പാന മണിയൻ ചരിഞ്ഞത്. കുട്ടിയാന പിഞ്ചു തിങ്കളാഴ്ചയും. മണിയന് എഴുപത്തിയഞ്ചും പിഞ്ചുവിന് നാലും വയസായിരുന്നു. ചികിത്സാ പിഴവും അശാസ്ത്രീയ പരിചരണവുമാണ് മരണത്തിന് കാരണമെന്ന് പരാതി ഉയർന്നിട്ടുണ്ട്.

കേരളത്തിലെ പ്രധാന ആനവളർത്തൽ കേന്ദ്രമാണെങ്കിലും കോന്നി ആനത്താവളത്തിൽ ആനകളെ ചികിത്സിക്കാൻ വിദഗ്ദ്ധരായ ഡോക്ടർമാരില്ല . സാധാരണ വെ​റ്ററിനറി ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ എത്തിച്ച് ആനകൾക്ക് ചികിത്സ നൽകുകയാണ് . ഇവർ മുൻ പരിചയമുള്ള ഡോക്ടർമാരുടെയും മറ്റും ഉപദേശങ്ങൾ തേടാറുമില്ല. ആനകൾക്ക് നൽകുന്ന ഭക്ഷണത്തിലെ മാറ്റവും രോഗങ്ങൾക്ക് കാരണമാകുന്നതായി പറയുന്നു. നേരത്തെ പനംപട്ടയും തെങ്ങോലയുമാണ് നൽകിയിരുന്നത്. ഇപ്പോൾ പുല്ലും ചോറും കഞ്ഞിയുമൊക്കെയാണ് നൽകുന്നത്.

എരണ്ടക്കെട്ട് ബാധിച്ചാണ് മണിയൻ ചരിഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം. രോഗത്തെ തുടർന്ന് തീറ്റയും വെള്ളവും എടുക്കാതായ മണിയൻ ആഴ്ചകളായി ചികിത്സയിലായിരുന്നു. ഒടുവിൽ മരുന്നുകളോടും പ്രതികരിക്കാതെയായി. മണിയന് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്ന് തുടക്കം മുതൽ പരാതി ഉയർന്നിരുന്നു. ആനകൾക്ക് സാധാരണ ബാധിക്കുന്ന രോഗമാണ് എരണ്ടക്കെട്ട്. ഇത് മരണത്തിന് കാരണമാകാറില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

പെൻഷൻ പറ്റിയ താപ്പാനയായിരുന്നു മണിയൻ . 56 വർഷം വനം വകുപ്പിന്റെ വിവിധ ഡിപ്പോകളിൽ ജോലി ചെയ്തിട്ടുണ്ട്. 1964 ഏപ്രിൽ 13 നാണ് തേക്കുതോട് കൊപ്രമലയിൽ നിന്ന് മണിയനെ പിടികൂടിയത്. തുടർന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ച് താപ്പാന പരിശീലനം പൂർത്തിയാക്കി.

ഹെർപ്പിസ് രോഗമാണോ , ഇടതുകാലിലെ നീർക്കെട്ടാണോ പിഞ്ചുവിന്റെ മരണകാരണമെന്ന് വ്യക്തമായിട്ടില്ല. ഇടതുകാലിൽ രണ്ട് നഖങ്ങൾ കൂടുതലായിരുന്നു പിഞ്ചുവിന്. നടക്കുവാനുള്ള ബുദ്ധിമുട്ട് ഇടതുകാലിൽ നീരും വേദനയും ഉണ്ടാക്കിയിരുന്നു. ഇത് മൂലം പത്ത് മാസത്തോളമായി ആനക്കുട്ടി കിടപ്പിലായിരുന്നു. ഇടതുകാലിൽ വേദന വർദ്ധിച്ചതോടെ വലതുകാൽ മാത്രം നിലത്തുറപ്പിച്ച് നിന്നത് വലതുകാലിലേക്കും നീര് പടരുന്നതിന് കാരണമായി. 2016ൽ അച്ചൻകോവിൽ വനമേഖലയിലെ കടമ്പുപാറയിൽ നിന്ന് കൂട്ടം തെറ്റിയാണ് വനംവകുപ്പിന് പിഞ്ചുവിനെ ലഭിച്ചത്.