play-ground

ഇളമണ്ണൂർ: കളിക്കളമില്ലാത്ത നാടാണ് കലഞ്ഞൂർ. ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള പഞ്ചായത്താണിത്. പഞ്ചായത്തിലെകൂടലിൽ മിനി സ്റ്റേഡിയം ഉണ്ടൈങ്കിലും ഇത് കലഞ്ഞൂരിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ്. സ്‌കൂൾ തലം മുതലുള്ള കായികമത്സരങ്ങളിൽ കഴിഞ്ഞ കുറെക്കാലമായി ഈ പ്രദേശത്തെ കുട്ടികൾ ശോഭിക്കുന്നുമില്ല. കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിന് ഉള്ളതും പേരിന് മാത്രമായുള്ള കളിസ്ഥലമാണ്. എൽ.പി സ്‌കൂളിലെ കുട്ടികൾ ഉൾപ്പടെ രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ വളരെ ചെറിയ മൈതാനമാണുള്ളത്. ചുറ്റിനും വീടുകൾ ആയതിനാൽ കായിക മത്സരങ്ങൾ ഇവിടെ നടത്താൻ കഴിയില്ല. കൂടലിലെ മിനി സ്റ്റേഡിയവും പേരിന് മാത്രമാണ്. അടുത്ത സമയത്ത് സ്റ്റേഡിയത്തിന്റെ വശങ്ങൾ കെട്ടിയത് മാത്രമാണ് വികസനം. സ്ഥലം കുറവായ മിനി സ്റ്റേഡിയത്തിന് സമീപം നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയവും ഉപയോഗിക്കാറില്ല. കലഞ്ഞൂർ കേന്ദ്രീകരിച്ച് മികച്ച കളിക്കളം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കലഞ്ഞൂർ സ്‌കൂളിലെ മൈതാനത്തേക്ക് പുറത്തുനിന്ന് ആളുകളെ കയറ്റാറില്ല. പ്രഭാത, സായാഹ്ന നടത്തത്തതിനും കായിക വിനോദങ്ങൾക്കും വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.