തിരുവല്ല: ഹെഡ്പോസ്റ്റ് ഓഫീസിൽ മുപ്പതിലധികം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും മുഴുവൻ ജീവനക്കാരും ക്വാറന്റൈനിലായിട്ടും ഡ്യൂട്ടി ഓഫ് അനുവദിക്കാത്ത അധികൃതരുടെ നിലപാടിൽ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ പ്രതിഷേധിച്ചു. കൊവിഡിനെ തുടർന്ന് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് നിവേദനവും നൽകിയതാണ്. ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് തപാൽ ജീവനക്കാർ ഡിവിഷണൽ കേന്ദ്രങ്ങളിൽ ധർണനടത്തി. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.കാമരാജ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എസ്.എൻ.സോണി,ജനറൽ കൺവീനർ ജോൺസൺ ആവോക്കാരൻ എന്നിവർ പ്രസംഗിച്ചു.