 
ചെങ്ങന്നൂർ: നഗരമദ്ധ്യത്തിൽ 140ലേറെ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഗവ:ബോയ്‌സ് ഹൈസ്‌കൂളിലേക്ക് ജില്ലാ ആശുപത്രിയുടെ ഒ.പി വിഭാഗം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമന്ന അവശ്യം ശക്തമാകുന്നു.ഈ സ്‌കൂൾ ചെങ്ങന്നൂരിന്റെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളതും,വിദ്യാഭ്യാസ,സാമൂഹ്യ,സാംസ്‌കാരിക മേഖലയിലെ നിരവധി പ്രഗത്ഭരെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭൂരിപക്ഷം വരുന്ന പാവപ്പെട്ട വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ തീരുമാനം.നിലവിലെ സ്‌കൂൾ ഇരുനില കോൺക്രീറ്റ് കെട്ടിടത്തിൽ അത്യാവശ്യം സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ച് വരുന്നത്. ഇവിടെ പഠനം നടത്തി വരുന്ന വിദ്യാർത്ഥികളെ കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലുള്ളതും പഠനസൗകര്യം ഒരുക്കുന്നതിന് പോരായ്മകൾ ഉള്ളതുമായ ഗേൾസ് സ്‌കൂൾ കെട്ടിടങ്ങളിലേക്ക് മാറ്റാനുമാണ് തീരുമാനിച്ചിരിക്കുന്നത്.സ്‌കൂൾ മാറ്റുന്നതിനോടുള്ള വിയോജിപ്പ് സജി ചെറിയാൻ എ.എൽ.എ യോടും, വിദ്യാഭ്യാസ വകുപ്പിനെയും,ആശുപത്രി അധികൃതരോടും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും അറിയിച്ചു. സ്‌കൂളിന്റെ പ്രവർത്തനത്തിനെ ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിൻതിരിയണമെന്ന് ആവശ്യപ്പെട്ട് എസ്.എം.സി ചെയർമാൻ എം.വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. കുട്ടികളുടെ സുരക്ഷിതത്വത്തിനും, പഠനത്തിനും ഭീഷണിയാകുന്ന തീരുമാനം ഉത്തരവാദപ്പെട്ടവർ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം പി.ടി.എ നിയമാനുസൃതം നടപ്പിലാക്കാൻ സാദ്ധ്യയമാകുന്ന സമര രീതികൾക്ക് നേതൃത്വം കൊടുക്കുമെന്ന് പ്രഖ്യാപിച്ചു.