stamp-paper

അടൂർ : ജില്ലയിൽ 50, 100 രൂപ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. ഇതുമൂലം 500രൂപയുടെ വരെ മുദ്രപ്പത്രം വാങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റേണ്ട സ്ഥിതിയിലാണ് ജനം. തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്ന് ജില്ലാ ട്രഷറിയിലേക്ക് മുദ്രപ്പത്രങ്ങൾ ലഭ്യമാക്കിയത് 2019 ഒക്ടോബർ 25 നാണ്. സ്റ്റോക്ക് തീർന്നിട്ട് ഒരുമാസത്തിലേറെയായി. ജില്ലയിൽ 10 സബ് ട്രഷറികളും ഒരു ജില്ലാ ട്രഷറിയുമാണുള്ളത്. നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി മുദ്രപത്രത്തിന് സ്റ്റാമ്പ് വെണ്ടർമാരെ സമീപിക്കുന്നത്. ഭൂരിപക്ഷവും കൈമലർത്തുമ്പോൾ അപൂർവ്വം ചിലരാകട്ടെ പൂഴ്ത്തിവച്ച് അമിതവിലയ്ക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്. ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് എന്നിവയ്ക്കാണ് പ്രധാനമായും 50 രൂപയുടെ പത്രം ആവശ്യം. വിവിധ എഗ്രിമെന്റുകൾ, വാടകച്ചീട്ട്, ത്രിതല പഞ്ചായത്തുകളുടെ എഗ്രിമിമെന്റുകൾ എന്നിവയ്ക്കാണ് 100 രൂപയുടെ മുദ്രപ്പത്രങ്ങൾ വേണ്ടത്. . ആർ. ബി. ഐ യുടെ നോട്ട് അച്ചടിക്കുന്ന നാസിക്കിൽ നിന്നാണ് മുദ്രപ്പത്രങ്ങൾ രാജ്യത്ത് ഉടനീളം ലഭ്യമാക്കുന്നത്. കൊവിഡ് കാല പ്രതിസന്ധിയോടെയാണ് മുദ്രപ്പത്രങ്ങൾ അതാത് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ കഴിയാതെ വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ മതിയായ മുദ്രപ്പത്രങ്ങൾ എത്തിച്ചെങ്കിലും ജില്ലാതലങ്ങളിലേക്കുള്ള വിതരണത്തിൽ കാലതാമസം നേരിടുകയാണ്. 5, 10, 20 രൂപ മുദ്രപ്പത്രങ്ങൾക്ക് നിലവിൽ ആവശ്യക്കാരില്ല. ഇത് ജില്ലാ ട്രഷറികളിൽ കെട്ടിക്കിടക്കുകയായിരുന്നു. ക്ഷാമം കാരണം തുക കൂട്ടിയോജിപ്പിച്ച് സർട്ടിഫിക്കറ്റുകൾക്കും എഗ്രിമെന്റുകൾക്കും ഉപയോഗിച്ചതോടെ അവയും പൂർണമായും വിറ്റഴിഞ്ഞു. ഇതോടെ ചെറിയ തുകയുടെ മുദ്രപ്പത്രത്തിൽ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടവർ 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ടഗതികേടിലാണിപ്പോൾ.

-------------------

" മുദ്രപ്പത്രക്ഷാമം അടിയന്തരമായി പരിഹരിക്കണം. കരാറുകാരായ ഞങ്ങളെപ്പോലെയുള്ളവരാണ് വലയുന്നത്. ജില്ലയിലുടനീളം ഒാടിയാലും ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രം ലഭിക്കുന്നില്ല.ഉയർന്ന തുകയുടെ പത്രംവാങ്ങേണ്ട അവസ്ഥയാണ് "

അജികമലാസനൻ,

പൊതുമരാമത്ത് കരാറുകാരൻ.

" മുദ്രപ്പത്രം ലഭ്യമാക്കുന്നതിനുള്ള ഇൻഡന്റ് സെപ്തംബർ 16 ന് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയ്ക്ക് നൽകിയതാണ്. അവ ലഭ്യമാക്കുന്ന തീയതി അറിയിച്ചിട്ടില്ല. പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകും."

ജില്ലാട്രഷറി ഒാഫീസർ,

പത്തനംതിട്ട.