തിരുവല്ല: നഗരമദ്ധ്യത്തിലെ ഹോട്ടൽ മദ്യപസംഘം അടിച്ചു തകർത്തു. രാമൻ ചിറയിലെ മിർച്ചി ഹോട്ടലിന് നേരെയാണ് നാൽവർ സംഘം ആക്രമണം അഴിച്ചുവിട്ടത്. ഇന്നലെ വൈകിട്ട് 8 മണിയോടെ ആയിരുന്നു സംഭവം. ഹോട്ടലിന്റെ ജനാലകളും മേശകളും സംഘം അടിച്ചു തകർത്തു. ഓർഡർ ചെയ്ത ആഹാരം താമസിച്ചതിന്റെ പേരിലാണ് സംഘം ആക്രമണത്തിന് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ രണ്ട് പേർ പരിക്കേറ്റ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഹോട്ടലിന്റെ മുൻവശത്തെ ചില്ല് അടിച്ച് തകർക്കുന്നതിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. അഴിയിടത്തുചിറ സ്വദേശികളായ സനു,വിഷ്ണു എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് പൊലീസ് പറഞ്ഞു.