
പത്തനംതിട്ട : കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയോടു ചേർന്ന പബ്ലിക് ഹെൽത്ത് ലാബിൽ ആരംഭിച്ചിട്ടുള്ള ആർ.ടി.പി.സി.ആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. രണ്ടാഴ്ചയായി പ്രതിദിനം 150 പരിശോധനകൾ കോഴഞ്ചേരിയിൽ നടക്കുന്നുണ്ട്. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് ഇവിടെ ലാബ് പൂർണസജ്ജമാകുന്നത്. ഇതോടെ 24 മണിക്കൂറിനുള്ളിൽ സ്രവ പരിശോധനാഫലം ലഭിക്കുന്നുണ്ട്. ഇവിടെയുള്ള സൗകര്യം വർദ്ധിപ്പിക്കുകയാണ് അടുത്തലക്ഷ്യം. നിലവിൽ മാന്വൽ സംവിധാനത്തിലാണ് പരിശോധന. ഇത് ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റിയാൽ പ്രതിദിന പരിശോധന 1500വരെ ഉയർത്താനാകും.
ഇപ്പോൾ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലാണ് ജില്ലയിലെ സ്രവ സാമ്പിളുകളുടെ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നത്. പ്രതിദിനം 800 സ്രവ സാമ്പിളുകൾ ജില്ലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയയ്ക്കുന്നുണ്ട്. ഓട്ടോമാറ്റിക് പരിശോധന സംവിധാനമാണ് തിരുവനന്തപുരത്തുള്ളത്.
രണ്ടാഴ്ചയ്ക്കുള്ളിൽ 10 സി.എഫ്.എൽ.ടി.സികൾ കൂടി ജില്ലയിൽ ക്രമീകരിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ 10 കൊവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രങ്ങൾ കൂടി ആരംഭിച്ച് 1000 കിടക്കകൾ കൂടി കണ്ടെത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. നിലവിൽ റാന്നി മേനാംതോട്ടം, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് എന്നിവ രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങളായും പന്തളം അർച്ചന, പത്തനംതിട്ട ജിയോ, അടൂർ ഗ്രീൻവാലി, പെരുനാട് കാർമൽ, ഇരവിപേരൂർ, കീഴ് വായ്പൂര്, നെടുമ്പ്രം എന്നിവിടങ്ങളിൽ ഒന്നാംനിര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 4000 കിടക്കകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്.
ഡോക്ടർമാരുടെ ക്ഷാമമില്ല
ജില്ലയിൽ ഡോക്ടർമാരുടെ ക്ഷാമമില്ല. സർക്കാർ മേഖലയിലെ ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടർമാരെയും സ്വകാര്യ മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാരെയും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. കൂടാതെ എൻ.എച്ച്.എം മുഖേന നിയമിച്ചിട്ടുള്ള 56 ഡോക്ടർമാരും സേവനത്തിലുണ്ട്. അനുബന്ധ ജീവനക്കാരുടെ ക്ഷാമവും നിലവിൽ ഇല്ല. സംസ്ഥാനത്താകമാനം കൊവിഡ് ബ്രിഗേഡ് മുഖേനയാണ് നഴ്‌സുമാർ അടക്കമുള്ള അനുബന്ധ ജീവനക്കാരുടെ നിയമനം.
"പത്തുലക്ഷം രൂപയ്ക്കു മുകളിൽ ചെലവു വരുന്ന പദ്ധതി സമർപ്പിച്ചു കഴിഞ്ഞു. അംഗീകാരം ലഭിച്ചാൽ പ്രതിദിന കൊവിഡ് പരിശോധന കൂടുതൽ കാര്യക്ഷമമാകും.
ഡോ.എബി സുഷൻ
(ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ)