sabarimala

ശ്രീകോവിൽ നട തുറന്നു...

പൊന്നമ്പലത്തിൽ ശ്രീകോവിൽ നട തുറന്നു...

ശബരിമലയിലെത്തുന്ന കോടാനുകോടി അയ്യപ്പ ഭക്തരുടെ മനസിൽ അമൃതവർഷം പോലെയാണ് ശ്രീകോവിൽ തുറക്കുമ്പോൾ കേൾക്കുന്ന ഇൗ ഗാനം. അറിയാതെ തന്നെ സ്വാമിയേ.. ശരണമയ്യപ്പാ എന്ന് പ്രാർത്ഥിച്ചു നിൽക്കുന്ന ആ നിമിഷങ്ങൾ നൽകുന്ന ദിവ്യാനുഭവം പറഞ്ഞറിയിക്കാവുന്നതല്ല. കൊവിഡ് പശ്ചാത്തലത്തിലുള്ള ഏഴു മാസത്തെ പ്രവേശന വിലക്കിന് ശേഷം ഇൗ മാസം 16ന് വൈകിട്ട് ശബരിമലയിലേക്ക് ഭക്തരെത്തുകയാണ്, ശ്രീകോവിൽ നട‌ തുറക്കുന്നതും കാത്ത്, ഭസ്‌മാഭിഷക്തനായ ഭഗവാനെ ഒരു നോക്ക് കാണാൻ.

കുംഭമാസ പൂജയ്ക്ക് ശേഷം ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. തുലാമാസ പൂജയിൽ ദർശനം നടത്താൻ ഭക്തരെ അനുവദിക്കുമ്പോൾ ശബരിമലയിലെ സൗകര്യങ്ങൾ പഴയ രീതിയിൽ അല്ല. കർശനമായ നിയന്ത്രണങ്ങളും ആരോഗ്യ പരിശോധനകളുമുണ്ടാകും. നവംബർ 15 മുതൽ ആരംഭിക്കുന്ന തീർത്ഥാടന കാലത്ത് ഭക്തരെ പ്രവേശിപ്പിക്കണമെങ്കിൽ ഇൗ മാസം 16 മുതൽ 21വരെ നടക്കുന്ന തുലമാസ പൂജയിൽ ഭക്തർക്കായി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ വിജയിക്കണം. ഇതിന് ഭക്തരുടെ പൂർണ സഹകരണം വേണമെന്നാണ് ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും അഭ്യർത്ഥിക്കുന്നത്. പക്ഷെ, കൊവിഡിന്റെ പേരിൽ ‌ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ ചിലത് ആചാരങ്ങളെ അട്ടിമറിക്കുമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. തങ്ങളോട് ഒന്നും ആലോചിക്കുന്നില്ലെന്ന് തന്ത്രി കുടുംബത്തിനും ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയരായ പന്തളം കൊട്ടാരത്തിനും പരാതിയുണ്ട്.

ദർശനം ഒാൺലൈൻ

ബുക്കിംഗിലൂടെ മാത്രം

തുലാമാസ പൂജയിൽ ഒരു ദിവസം 250 പേർക്ക് ദർശനം അനുവദിക്കാനാണ് തീരുമാനം. പൊലീസിന്റെ വെർച്വൽ ക്യുവിൽ ബുക്ക് ചെയ്തവരെ മാത്രമേ ദർശനത്തിന് നിലയ്ക്കലിൽ നിന്ന് കടത്തിവിടുകയുള്ളൂ. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുമ്പോൾ 24 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ബുക്ക് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ദർശനത്തിന് എത്തണമെന്നാണ് ഭകതർക്കുള്ള നിർദേശം. നിലയ്ക്കലിൽ ആന്റിജൻ പരിശോധന സൗകര്യമുണ്ടാകും. പരിശോധന ഫീസിന് സബ്സിഡി നൽകുമെന്നും അറിയുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബോർഡോ സർക്കാരോ അറിയിച്ചിട്ടില്ല. തീർത്ഥാടന കാലത്ത് ഒരു ദിവസം രണ്ടായിരം വരെ ഭക്തരെ പ്രവേശിപ്പിക്കാനാണ് നിലവിലെ തീരുമാനം.

പമ്പയിൽ കുളി വിലക്കി,

ആചാര വിരുദ്ധമെന്ന് വിമർശനം

അയ്യപ്പ ഭക്തർ പമ്പയിൽ ഇറങ്ങി കുളിക്കുന്നത് വിലക്കിയിട്ടുണ്ട്. കൊവിഡ് രോഗവ്യാപന ഭീതി കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെന്ന് ദേവസ്വം ബോർഡ് വിശദീകരിക്കുന്നു. പമ്പയുടെ കരയിൽ ഷവറുകൾ സ്ഥാപിച്ച് കുളിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. പമ്പയിലെ വെള്ളം തന്നെ പമ്പ് ചെയ്ത് എത്തിക്കും. പമ്പയുടെ കരയിൽ ബാരിക്കേഡ് കെട്ടും. നദിയിലേക്ക് ആരും ഇറങ്ങാതിരിക്കാൻ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. തീർത്ഥാടകർ പമ്പയിൽ ഇറങ്ങി കുളിക്കുന്നത് വിലക്കുന്നത് ആചാരവിരുദ്ധമെന്ന ആരോപണവുമായി ചില ഹിന്ദുസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. വെർച്വൽ ക്യുവിൽ ബുക്ക് ചെയ്തുവരുന്ന തീർത്ഥാടകർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുകയും നിലയ്ക്കലലിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്യുന്നുണ്ട്. രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പമ്പയിലേക്ക് തീർത്ഥാടകരെ കടത്തി വിടുന്നത്. ഇവർ പമ്പയിൽ ഇറങ്ങി കുളിക്കുന്നതിനെ തടസപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആചാര സംരക്ഷണ സമിതിയുടെ വാദം.

മല കയറാനും

നിയന്ത്രണം

തീർത്ഥാടകർ മല കയറുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടാകും. ആളുകളെ കൂട്ടത്തോടെ മല കയറാൻ അനുവദിക്കില്ല. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, മാസ്ക് ധരിച്ച് മല കയറുന്നത് ശ്വാസം മുട്ടലുണ്ടാക്കുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പറയേണ്ടത് ആരോഗ്യ വകുപ്പാണെന്ന് ദേവസ്വം ബോർഡ് പറയുന്നു. പ്ളാസ്റ്റിക് കുപ്പികൾക്ക് പമ്പയിലും സന്നിധാനത്തും വിലക്കേർപ്പെടുത്തി. തിളപ്പിച്ച വെള്ളം സ്റ്റീൽ കുപ്പികളിൽ നൽകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഒരു സ്റ്റീൽ കുപ്പിക്ക് പമ്പയിൽ 100 രൂപ ഇൗടാക്കും. ദർശനം കഴിഞ്ഞ് പമ്പയിൽ തിരിച്ചെത്തുമ്പോൾ കുപ്പി കൗണ്ടറിൽ ഏൽപ്പിച്ച് പണം തിരികെ വാങ്ങാം.

പിളർന്ന മലയും റോഡും,

ഗതാഗതം കഠിനം

ഇത്തവണ ശബരിമല പാതയിലെ ഗതാഗതം ഭക്തർക്ക് വലിയ ദുരിതമാകും. ഇക്കഴിഞ്ഞ ആഗസ്റ്റിലെ കനത്ത മഴയിൽ ചാലക്കയത്തിന് അടുത്ത് പ്ളോന്തോട് മലയും റോഡും പിളർന്നത് ഇതുവരെ നന്നാക്കിയില്ല. മലയുടെ മുകളിൽ നിന്ന് റോഡിന്റെ അടിവാരം വരെയാണ് പിളർന്നത്. ഉന്നത നിലവാരത്തിൽ റോഡ് പുനർനിർമിക്കാൻ പൊതുമരാമത്ത് ടെൻഡർ വിളിച്ചത് കഴിഞ്ഞ ദിവസമാണ്. നിർമാണ പ്രവൃത്തികൾക്ക് 1.70 കോടി അനുവദിച്ച് ഇ-ടെൻഡർ തുറന്നപ്പോൾ പണി ഏറ്റെടുക്കാൻ കരാറുകാർ ആരും മുന്നോട്ടു വന്നില്ല. വരുന്നയാഴ്ച ഒന്നുകൂടി ടെൻഡർ വിളിക്കും. അപ്പോഴും കരാറുകാർ വന്നില്ലെങ്കിൽ സ്വന്തമായി പണി നടത്താനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. എന്നാൽ, മലയും റോഡും പിളർന്ന സാഹചര്യം പഠിക്കാൻ വിദഗ്ദ്ധ സംഘങ്ങളെയൊന്നും നിയോഗിച്ചില്ല. ഇൗ ഭാഗത്തെ പരിസ്ഥിതിയുടെ പ്രത്യേകതകൾ പഠിക്കണമെന്ന ആവശ്യമുയർന്നിട്ടും അധികൃതർ വേണ്ട ഗൗരവം കൊടുത്തിട്ടില്ല. തുലാമാസ പൂജയ്ക്ക് റോഡിന്റെ ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടാനാണ് നീക്കം. തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് റോഡ് ഉന്നത നിലവാരത്തിൽ പുതുക്കിപ്പണിതില്ലെങ്കിൽ അപകടം വിളിച്ചു വരുത്തും.

മനസും ശരീരവും അയ്യപ്പനിൽ അർപ്പിച്ച് എത്തുന്ന ഭക്തർ ഇൗ ദുർഘടങ്ങളൊന്നും വകവയ്‌ക്കാറില്ല.