തിരുവല്ല: കാർഷിക വിളകൾക്ക് നേരേ കുറ്റൂരിൽ തുടർച്ചയായ രണ്ടാം ദിവസവും കാട്ടുപന്നിയുടെ ആക്രമണം. പ്രതിരോധിക്കാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് കർഷകർ. കുറ്റൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ മലേകളിയിക്കൽ ചിറ്റയ്ക്കാട്ട് ഭാഗത്താണ് കാർഷിക വിളകൾക്ക് നേരെ ചൊവ്വാഴ്ച രാത്രിയിലും കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമണമുണ്ടായ ചിറ്റയ്ക്കാട്ട് ചന്ദ്രഭവനിൽ ജയചന്ദ്രൻ, രാധാ ഭവനിൽ രാധാകൃഷ്ണകുറുപ്പ് എന്നിവരുടെ മറ്റു കൃഷിയിടങ്ങളിലെ വിളകളാണ് ഇന്നലെയും നശിപ്പിക്കപ്പെട്ടത്. ഇവരുടെ പുരയിടങ്ങളിലായി നിന്നിരുന്ന 60 മൂടോളം വാഴകളും നൂറോളം മരച്ചീനിയുമാണ് മൂട് തുരന്ന് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരേക്കറിലധികം വരുന്ന കൃഷിയിടത്തിലെ ചേമ്പും ചേനയും മരച്ചീനിയും കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചിരുന്നു. ഇതേതുടർന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതാണ്. വർദ്ധിച്ചു വരുന്ന കാട്ടുപന്നി ആക്രമണങ്ങളിൽ നിന്നും കാർഷിക വിളകളെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ വനം വകുപ്പ് തയാറാകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.