
പത്തനംതിട്ട: ജില്ലയിലെ 35 ഗ്രാമപഞ്ചായത്തുകളും പന്തളം, തിരുവല്ല നഗരസഭകളും വൃത്തിയായി. 10ന് മുഖ്യമന്ത്രി ശുചിത്വ പദവി പ്രഖ്യാപിക്കും. പന്തളം, കോന്നി ബ്ലോക്കുകളിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ശുചിത്വ പദവി നേടി.
ശുചിത്വത്തിന്റെയും മാലിന്യസംസ്‌കരണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകുന്നത്. ആദ്യഘട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വയം വിലയിരുത്തൽ നടത്താം. ശുചിത്വ അവലോകന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിയമിച്ച വിദഗ്ധ സംഘം പരിശോധിച്ച്, സംസ്ഥാന സർക്കാരിന്റെ ശുചിത്വ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 60 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ശുചിത്വ പദവിക്ക് അർഹമാകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലും സമിതിയുടെ നേരിട്ടുള്ള സന്ദർശനത്തിലൂടെയും ഹരിതകർമ്മസേനയുമായുള്ള ആശയവിനിമയത്തിലൂടെയും മാർക്കുകൾ നിശ്ചയിച്ചു.
ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ, ഡി.ഡി.പി, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എന്നിവരാണ് ജില്ലയിൽ ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ ഏകോപനം നടത്തുന്നത്.
ശുചിത്വ പഞ്ചായത്തുകൾ
പ്രമാടം, കോന്നി, തണ്ണിത്തോട്, ചെന്നീർക്കര, തുമ്പമൺ, കുളനട, ഓമല്ലൂർ, മെഴുവേലി, മലയാലപ്പുഴ, അരുവാപ്പുലം, നെടുമ്പ്രം, ആനിക്കാട്, കല്ലൂപ്പാറ, കലഞ്ഞൂർ, മല്ലപ്പള്ളി, നിരണം, റാന്നി പഴവങ്ങാടി, വെച്ചൂച്ചിറ, കടപ്ര, വള്ളിക്കോട്, ഇലന്തൂർ, കുന്നന്താനം, മൈലപ്ര, തോട്ടപ്പുഴശ്ശേരി, നാറാണമൂഴി, ആറന്മുള, സീതത്തോട്, ഏറത്ത്, എഴുമറ്റൂർ, പള്ളിക്കൽ, ഏനാദിമംഗലം, കുറ്റൂർ, പന്തളം തെക്കേക്കര, കൊടുമൺ, ചെറുകോൽ.
നഗരസഭകൾ
പന്തളം, തിരുവല്ല
10ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ ശുചിത്വ പദവി കൈവരിച്ചതിന്റെ മൊമന്റോയും സർട്ടിഫിക്കറ്റും നൽകും.
മാനദണ്ഡങ്ങൾ ഇങ്ങനെ
ഹരിതകർമ്മസേനയുടെ പ്രവർത്തനം, ജൈവ,അജൈവ മാലിന്യ സംസ്‌കരണം, പുനരുപയോഗം, പൊതുശുചിത്വം, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ, ഗ്രീൻ പ്രോട്ടോക്കോൾ പാലനം.
ശുചിത്വ പദവി പ്രഖ്യാപനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തി സമ്പൂർണ്ണ ശുചിത്വ പദവിയിലെത്തിക്കുകയാണ് ലക്ഷ്യം.