
കോന്നി : ആനത്താവളത്തിൽ ഒരാഴ്ചയ്ക്കിടെ രണ്ട് ആനകൾ ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പിന് പുറമെ വിദഗ്ദ്ധ സംഘവും അന്വേഷണം നടത്തും. ചീഫ് ഫോറസ്റ്റ് കൗൺസർവേറ്ററുടെ മേൽനോട്ടത്തിൽ കോട്ടൂർ, കോടനാട് ആനക്കളരികളിലെ ഡോക്ടർമാരും ആനചികിത്സാ വിദഗ്ദ്ധരും ഉൾപ്പെട്ട സംഘമായിരിക്കും സമാന്തര അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കിൽ തമിഴ്നാട് മുതുമല ആനവളർത്തൽ സങ്കേതത്തിലെ വിദഗ്ദ്ധരുടെ സഹായവും തേടും. കോന്നി ആനത്താവത്തിലെ താപ്പാന മണിയൻ, കുട്ടിയാന പിഞ്ചു എന്നിവയാണ് ഒരാഴ്ക്കിടെ ചരിഞ്ഞത്. 75 വയസുള്ള മണിയന് എരണ്ടക്കെട്ടും നാലുവയസുകാരൻ പിഞ്ചുവിന് ഹെർപ്പിസ് രോഗവുമായിരുന്നു. ചികിത്സാ പിഴവും അശാസ്ത്രീയ പരിചരണുമാണ് ആനകൾ ചരിയാൻ കാരണമെന്ന് ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താൻ വനംവകുപ്പ് തീരുമാനിച്ചത്. വനം വകുപ്പ് ആനത്താവളം അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അവശേഷിക്കുന്നത് നാല് ആനകൾ
ആനത്താവളത്തിൽ ഇനിയും അവശേഷിക്കുന്ന് നാല് ആനകൾ മാത്രമാണ്. പെൻഷൻ പറ്റിയ താപ്പാന സോമനും കുട്ടിക്കൊമ്പൻ കൃഷ്ണയും പിടിയാനകളായ പ്രിയദർശിനിയും ഈവയും. നിലവിൽ ഏഴ് ആനകൾ ഉണ്ടായിരുന്നു. ഇതിൽ മണിയനും പിഞ്ചുവും കഴിഞ്ഞ ദിവസങ്ങളിൽ ചരിഞ്ഞു. കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്ത് തമിഴ്നാട്ടിലെ മുതുമലയിൽ കൊണ്ടുപോയ ശേഷം കേരളത്തിൽ എത്തിച്ചെങ്കിലും കോന്നിയിൽ കൊണ്ടുവന്നിട്ടില്ല.
ഇക്കോ ടൂറിസത്തെ ബാധിക്കും
ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ആനത്താവളം കാണാൻ വിദേശികൾ ഉൾപ്പടെ നിരവധി സഞ്ചാരികളാണ് കോന്നിയിൽ എത്തിയിരുന്നത്. ആനകളെ അടുത്തറിയാനും ആനസവാരിയ്ക്കും സൗകര്യം ഉണ്ടായിരുന്നു. കേരളത്തിലെ ഒരേയൊരു ആന മ്യൂസിയവും ഇവിടെയാണ്. എന്നാൽ ആനകൾ കുറഞ്ഞതോടെ ഇക്കോ ടൂറിസം പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. തലയെടുപ്പിന്റെ പ്രതീകമായിരുന്ന 20 വയസുകാരൻ കോന്നി സുരേന്ദ്രനും കുസൃതിക്കുറുമ്പുകാട്ടി സഞ്ചാരികളുടെ മനം കവർന്നിരുന്ന നാലുവയസുകാരൻ പിഞ്ചുവുമായിരുന്നു പ്രധാന താരങ്ങൾ. നിലവിലുള്ളത് പെൻഷൻ പറ്റിയ താപ്പാനയും രണ്ട് പിടിയാനകളും. കുട്ടിക്കൊമ്പൻ കൃഷ്ണമാത്രമാണ് ഇനിയുള്ള ആകർഷണീയത.
ആനക്കൂട് കാലിയായി
പിഞ്ചുവിന്റെ മരണത്തോടെ വർഷങ്ങൾക്ക് ശേഷം കോന്നി ആനക്കൂട് വീണ്ടും കാലിയായി. പിഞ്ചുമാത്രമാണ് ആനക്കൂട്ടിൽ ഉണ്ടായിരുന്നത്. മറ്റുള്ള ആനകളെ ആനത്താവളത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. നേരത്തെ കൃഷ്ണയും കൂട്ടിലായിരുന്നു. എന്നാൽ ചട്ടങ്ങൾ പഠിച്ചതോടെ ഇവനെ കുറേക്കാലം മുമ്പ് താവളത്തിലേക്ക് മാറ്റിയിരുന്നു.