 
അടൂർ: വാടക താങ്ങാൻ കഴിയാതെ അടൂരിന് നഷ്ടമാകാൻ തുടങ്ങിയ കേരള യൂണിവേഴ്സിറ്റിയുടെ യു.ഐ. ടി സെന്ററിന് ഇനി സ്വന്തം കെട്ടിടം ഉയരും. ഇതിനായി അടൂർ നഗരസഭ 17-ാംവാർഡ് കൗൺസിലർ എം.അലാവുദ്ദീൻ ഒന്നാം വാർഡിലെ മിത്രപുരത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന 50 സെന്റ് സ്ഥലം യു.ഐ.ടി സെൻ്ററിന് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനായി തീർത്തും സൗജന്യമായി വിട്ടു നൽകി.വസ്തുകൈമാറ്റം ചെയ്യുന്നതിനുള്ള ധാരണാപത്രം ചിറ്റയം ഗോപകുമാർ എം.എൽ.എ യ്ക്കു വേണ്ടി സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ.ഡി.ലതീഷിന് കൈമാറി. 1995 മുതൽ അടൂർ ബോയ്സ് എച്ച്.എസ്.എസിനു മുന്നിൽ എം.സി റോഡരുകിൽ വർഷങ്ങളായി വാടക കെട്ടിടത്തിലാണ് ഈ സെന്റർ പ്രവർത്തിച്ചു വരുന്നത്. 30,000 രൂപയാണ് പ്രതിമാസ വാടക. ഇത് താങ്ങാൻ കഴിയാതെ ഈ സെന്ററിന്റെ പ്രവർത്തനം നിറുത്തിവെയ്ക്കുന്നതിനായി യൂണിവേഴ്സിറ്റി തീരുമാനമെടുത്തിരുന്നു.ഒപ്പം കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന ഉടമയുടെ ഭീഷണിയും .ഇതോടെ ചിറ്റയം ഗോപകുമാർ എം.എൽ.എ ഇടപെട്ട് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകകൊള്ളിച്ചെങ്കിലും ടോക്കൺ തുകമാത്രമാണ് വകകൊള്ളിച്ചത്. തുടർന്ന് എം.എൽ. എ യുടെ നീഅസ്ഥിവികസന ഫണ്ടിൽ നിന്നും 1കോടി രൂപ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരുന്നു. യൂണിവേഴ്സിറ്റിക്ക് പണം നൽകി സ്ഥലം വാങ്ങാൻ കഴിയാത്ത സാഹചര്യം നിലനിൽക്കേ സെൻ്റർ നഷ്ടമാകുമെന്ന അവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് സ്വന്തം സ്ഥലം സൗജന്യമായി വിട്ടുനൽകാൻ നഗരസഭയിലെ കോൺഗ്രസ് കൗൺസിലറും ഒ. ബി. സി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും ഡി.സി.സി മെമ്പറുമായ എം.അലാവുദ്ദീൻ മുന്നോട്ടുവന്നത്. ഇതോടെ യു. ഐ.ടി സെന്റർ അടൂരിൽ തന്നെ നിലനിൽക്കുന്നതിന് വഴിയൊരുങ്ങി. സ്ഥലം ലഭ്യമായതോടെ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തെ ചുമതലപ്പെടുത്തിയതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു.