അടൂർ: അടൂർ നിയോജക മണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾകൂടി ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് വഴിയൊരുങ്ങി. ഇതിനായി 8.35 കോടി രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാർ എം. എൽ.എഅറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.ഓടകൾ, കലുങ്കുകളുടെ പുനർ നിർമ്മാണം, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഉന്നത നിലവാരത്തിലുള്ള ടാറിംഗിനൊപ്പമുണ്ട്.

ആനന്ദപ്പള്ളി -കൊടുമൺ റോഡ്

3.900 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് അഞ്ചരമീറ്റർ വീതിയിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് 4 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ശബരിമല പാതയായ അടൂർ കൈപ്പട്ടൂർ റോഡിൽ ആനന്ദപ്പള്ളി റോഡിൽ നിന്നും ആരംഭിക്കുന്ന റോഡ് ഏഴംകുളം കൈപ്പട്ടൂർ റോഡിൽ എത്തിച്ചേരും. അടൂർ ഭാഗത്തുനിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് എത്തുന്നതിനുള്ള പ്രധാന പാതയായി ഇത് മാറും.

വെള്ളക്കുളങ്ങര - മണ്ണടി റോഡ്

നാഷണൽ ഹൈവേയായി പ്രഖ്യാപിച്ച ഭരണിക്കാവ് - മുണ്ടക്കയം റോഡിൽ വെള്ളക്കുളങ്ങര ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കടമ്പനാട് - ഏഴംകുളം മിനി ഹൈവേയിൽ എത്തിച്ചേരുന്ന ആറ് കിലോമീറ്റർ ദൈർഘ്യം വരുന്ന പാതയാണിത്. വെള്ളക്കുളങ്ങര ജംഗ്ഷനിൽ നിന്നും ചൂരക്കോട് തെക്ക് ശ്രീനാരായണ ഗുരുമന്ദിരം വരെയുള്ള 3 കിലോമീറ്റർ ഭാഗത്തെ നിർമ്മാണത്തിന് നേരത്തെ രണ്ട് കോടി അനുവദിക്കുകയും നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ശേഷിക്കുന്ന മൂന്ന് കിലോമീറ്റർ ഭാഗം ഉന്നത നിലവാരത്തിലാക്കുന്നതിനാണ് 3.75 കോടി രൂപ അനുവദിച്ചത്.

ഏനാത്ത് - ഏഴംകുളം റോഡ്

കടമ്പനാട് - ഏഴംകുളം മിനി ഹൈവേയുടെ ഏനാത്ത് ജംഗ്ഷൻ മുതൽ ബ്ളോക്ക് പടിവരെയുള്ള ഭാഗം പുനരുദ്ധരിക്കുന്നതിനായി നേരത്തെ 2.10 കോടി അനുവദിക്കുകയും പണി പൂർത്തീകരിക്കുകയും ചെയ്തു.ശേഷിക്കുന്ന 523 മീറ്റർ പൂർത്തീകരിക്കുന്നതിനായി 60 ലക്ഷം രൂപകൂടി അനുവദിച്ചു.തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർക്ക് അടൂരിൽ പ്രവേശിക്കാതെ ഏനാത്തുനിന്നും ഏഴംകുളം , ചന്ദനപ്പള്ളിവഴി വേഗത്തിൽ കൈപ്പട്ടൂരിലെത്താം.ഏഴംകുളം - ചന്ദനപ്പള്ളി റോഡും ഉന്നത നിലവാരത്തിൽ നിലവിലുള്ള അഞ്ചര മീറ്ററിൽ നിന്നും ഏഴ് മീറ്ററാക്കി വീതി കൂട്ടി ടാർ ചെയ്യുന്നതിന് 41.18 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിക്കുകയും ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലുമാണ്.

തുക അനുവദിച്ച എല്ലാ റോഡുകളുടേയും ടെൻഡർ നടപടികളും പൂർത്തീകരിച്ച് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കും. ഇതോടെ അടൂർ നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക പ്രധാന പാതകളെല്ലാം ഉന്നത നിലവാരത്തിലേക്ക് ഉയരും.ഒപ്പം യാത്രയും കൂടുതൽ സുഗമമാകും.

ചിറ്റയം ഗോപകുമാർ

(എം. എൽ. എ)

8.35 കോടി രൂപ അനുവദിച്ചു