ambal

പത്തനംതിട്ട : നീന്തൽകുളമാകാൻ ഒരുങ്ങുകയാണ് വെള്ളപ്പാറയിലെ ആമ്പൽ പൂഞ്ചിറ . നേരത്തെ ആമ്പൽ വളർന്നുകിടന്നിരുന്ന കുളത്തിൽ ഇപ്പോൾ ആഫ്രിക്കൽ പായൽ നിറഞ്ഞിരിക്കുകയാണ്. വള്ളിക്കോട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കുളം. പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരു ഏക്കറോളം വരുന്ന കുളവും ഇതിനോട് ചേർന്ന സ്ഥലവും ചേർത്ത് വിനോദത്തിനും വിശ്രമത്തിനുമായി ആമ്പൽ പൂഞ്ചിറ പദ്ധതിക്ക് രൂപം നൽകിയത് 2017 ലാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ നാലര ലക്ഷവും ഗ്രാമ പഞ്ചായത്തിന്റെ നാല് ലക്ഷം രൂപയും ചേർത്താണ് പദ്ധതി പൂർത്തികരിക്കാൻ ശ്രമിക്കുന്നത്.

കുളത്തിന്റെ സൈഡ് കെട്ടി സംരക്ഷിച്ചു. നാലുവശവും ടൈൽ പാകി നടപ്പാതയും വിശ്രമിക്കാനായി ബഞ്ചുകളും സ്ഥാപിച്ചു. കുട്ടികൾക്കായി ഊഞ്ഞാലുണ്ട്. ഹൈമാസ്റ്റ് ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്.

കുട്ടികൾക്ക് കളിക്കാനുളള വിവിധ ഉപകരണങ്ങൾ, ടൊയ്ലറ്റ്, കുടുംബശ്രീ കഫേ എന്നിവ അടുത്ത ഘട്ടത്തിൽ പൂർത്തിയാകും. കുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകും. ദിവസവും വൈകുന്നേരങ്ങളിൽ നിരവധി പേർ ഇവിടെ വിശ്രമിക്കാനും വ്യായാമത്തിനുമായി എത്താറുണ്ട്. കുളത്തിന് ചുറ്റുമായി പ്രഭാതസവാരി നടത്താനും ധാരാളം പേർ വരുന്നുണ്ട്. ചന്ദനപ്പള്ളി വള്ളിക്കോട് കോന്നി റോഡിനോട് ചേർന്നാണ് ആമ്പൽ പൂഞ്ചിറ . ആചന്ദനപ്പള്ളി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരം വരും .

------------------------

"ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ ഉടൻ കുളം നവീകരണം ആരംഭിക്കും. കുട്ടികൾക്ക് കുളത്തിൽ നീന്തൽ പരിശീലനം നൽകും. കുടുംബമായി വിശ്രമിക്കാൻ പറ്റിയ സ്ഥലമാണിത്. നിരവധി വിനോദ ഉപാധികളും ഇതോടൊപ്പം നടപ്പാക്കാൻ ശ്രമിക്കും."

സാറാമ്മ സജി തോളൂർക്കടത്ത്

(വാർഡ് മെമ്പർ)

------------

പദ്ധതി ഇങ്ങനെ

കുട്ടികൾക്കായി ഊഞ്ഞാൽ.

കളിക്കാനുളള ഉപകരണങ്ങൾ

ടൊയ്ലറ്റ്,

കുടുംബശ്രീ കഫേ

നീന്തൽ പരിശീലനം