
തിരുവല്ല: മഴമാപിനി തകരാറിലായതോടെ തിരുവല്ലയിലെ മഴയുടെ കണക്കെടുപ്പ് നിലച്ചു. റവന്യു ടവറിന് സമീപത്ത് പൊതുമരാമത്ത് ഓഫീസിന് എതിർവശത്തായി കഴിഞ്ഞ വർഷം ആഗസ്റ്റിൽ പുതിയതായി സ്ഥാപിച്ച മഴമാപിനിയാണിത്. തിരുവല്ല താലൂക്ക് ഓഫീസിലെ ജീവനക്കാരൻ രാവിലെ എട്ടിന് മഴയുടെ അളവെടുത്ത് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തെ അറിയിക്കുകയായിരുന്നു പതിവ്. തകരാറിലായതോടെ ഒരു മാസത്തിലേറെയായി ജില്ലയിലെ മഴയുടെ കണക്കെടുക്കുമ്പോൾ തിരുവല്ലയിൽ പെയ്ത മഴ കണക്കില്ല. സെപ്തംബറിൽ അവസാനിച്ച മൺസൂണിൽ കനത്തമഴയാണ് തിരുവല്ലയിൽ ലഭിച്ചത്. എന്നാൽ മഴയുടെ കണക്കറിയാൻ തിരുവല്ലയിൽ മാർഗങ്ങളില്ലായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മഴമാപിനികളിൽ കൃത്യമായി അളവെടുത്തില്ലെങ്കിൽ കണക്കിൽ തെറ്റുവരും.
ആയുസില്ലാതെ
ആറ് വർഷമായി പ്രവർത്തനരഹിതമായിരുന്ന മഴമാപിനി കഴിഞ്ഞവർഷം ആഗസ്റ്റിലാണ് മാറ്റി സ്ഥാപിച്ചത്. മുമ്പ് മഴമാപിനിയും താപമാപിനിയും ഇവിടെ ഉണ്ടായിരുന്നതാണ്. എന്നാൽ ഇതിന്റെ വിലപിടിപ്പുള്ള യന്ത്രങ്ങൾ 2013ൽ മോഷണം പോയതോടെയാണ് കണക്കെടുപ്പ് മുടങ്ങിയത്. തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. 2017ൽ ഭൂഗർഭജല വകുപ്പിൽ നിന്ന് ജലസേചന വിഭാഗത്തിന് കൈമാറി കിട്ടിയ റവന്യൂ ടവറിന് സമീപമുള്ള സ്റ്റേഷനാണിത്. പിന്നീട് സ്ഥാപിച്ച മഴമാപിനിയാണ് വീണ്ടും തകരാറിലായത്.
കാലാവസ്ഥാ സ്റ്റേഷൻ വേണം
നെൽകൃഷിയും വെള്ളപ്പൊക്കവുമുള്ള അപ്പർകുട്ടനാട് ഉൾപ്പെടുന്ന തിരുവല്ലയിൽ ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷൻ ആവശ്യമാണ്. ഇതിലൂടെ മഴയുടെ കണക്കിനൊപ്പം അന്തരീക്ഷ ഈർപ്പം, ചൂട്, കാറ്റിന്റെ ദിശ, സൂര്യപ്രകാശ തീവ്രത, വികിരണം തുടങ്ങി ഏഴോളം നിരീക്ഷണങ്ങൾ നടത്താനാകും. ഈ സ്റ്റേഷൻ ഉണ്ടെങ്കിൽ കാലാവസ്ഥ വ്യതിയാനങ്ങൾ സംബന്ധിച്ച വിവരങ്ങളും തത്സമയം അറിയാൻ കഴിയും. ഇത്തരത്തിലുള്ള വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത് സംബന്ധിച്ച് മാത്യു ടി.തോമസ് എം.എൽ.എയ്ക്ക് ജലവിഭവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭാ ചോദ്യത്തിന് മറുപടിയായി ഉറപ്പ് നൽകിയിട്ടുണ്ട്.