
കൊവിഡ് കാല നിരോധനത്തിന് ശേഷം ഗവി ടൂറിസം പുനരാരംഭിച്ചു
പത്തനംതിട്ട: മനം കുളിർക്കുന്ന കാഴ്ചകളുടെ വിസ്‌മയ ലോകത്തേക്ക് ഗവി വീണ്ടും വിളിക്കുന്നു. ആറ് മാസത്തിന് ശേഷമാണ് ഗവി റോഡ് തുറന്നത്. ഇക്കഴിഞ്ഞ രണ്ടാം തീയതി മുതലാണ് സഞ്ചാരികളെ പ്രവേശിപ്പിച്ചത്. ഇന്നലെ വരെ 400 പേർ എത്തിയെന്നാണ് വനംവകുപ്പിന്റെ കണക്ക്.
സുന്ദര കാഴ്ചകളിലേക്കാണ് ഗവി വാതിൽ തുറന്നത്. ശക്തമായ മഴയിൽ നിറഞ്ഞൊഴുകുന്ന കാട്ടരുവികൾ. മലമുകളിൽ നിന്ന് പാൽനുര പോലെ പതിക്കുന്ന ചോലകൾ. അടുത്തു നിൽക്കുന്നവരെ പോലും മറച്ചുകളയുന്ന കോടമഞ്ഞിന്റെ തണുപ്പ്. പരമാവധി ശേഷിയിലേക്ക് വെള്ളം നിറയുന്ന അഞ്ച് അണക്കെട്ടുകൾ. അവയ്‌ക്ക് മുകളിലൂടെ നിത്യഹരിത വനങ്ങൾ കണ്ടുള്ള യാത്ര. വന്യമൃഗങ്ങൾ...
പത്തനംതിട്ട നഗരത്തിൽ നിന്ന് നൂറ് കിലോമീറ്ററോളമുണ്ട് ഗവിയിലേക്ക്. അറുപത് കിലോമീറ്ററും ഉൾവനത്തിലൂടെയാണ് യാത്ര.
വനത്തിൽ അരണമുടി ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇവിടെ ബാരിക്കേഡ് കെട്ടി വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ട്.
ഇടുക്കി വള്ളക്കടവ് വഴിയും ഗവിയിലേക്ക് പ്രവേശനമുണ്ട്. കെ.എഫ്.ഡി.സിയുടെ ഹോം സ്റ്റേകൾ തുറന്നിട്ടില്ല.
പ്രവേശനത്തിന്
കൊവിഡ് നിബന്ധനകൾ കർശനമാണ്. 10 വയസിൽ താഴെയുള്ളവർക്കും 65 കഴിഞ്ഞവർക്കും പ്രവേശനമില്ല. ആങ്ങമൂഴിയിലെ കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക് പോസ്റ്റിൽ നിന്ന് പാസ് എടുക്കണം ഒരു ദിവസം മുപ്പത് വാഹനങ്ങൾ മാത്രം. ഒാൺലൈനിൽ ബുക്ക് ചെയ്തവരെ മാത്രമേ കടത്തിവിടു. മുപ്പത് വാഹനങ്ങൾ തികഞ്ഞില്ലെങ്കിൽ ബുക്ക് ചെയ്യാത്തവരെയും വിട്ടിരുന്നു. ഇനി അതുണ്ടാവില്ല.
കെ.എസ്. ആർ.ടി.സി ഉടനില്ല
പത്തനംതിട്ട - ഗവി കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസ് പുനരാരംഭിക്കുന്നത് തീരുമാനിച്ചിട്ടില്ല. ലോക്ക്ഡൗണും റോഡിലെ മണ്ണിടിച്ചിലും കാരണമാണ് നിറുത്തിയത്. ഒാർഡിനറി സിനിമയാണ് ഗവി സർവീസിനെ ജനകീയമാക്കിയത്. ശനിയും ഞായറും ഗവി ബസിൽ വൻ തിരക്കായിരുന്നു. രാവിലെ 6.30നും ഉച്ചയ്ക്ക് 1.30നുമാണ് പത്തനംതിട്ടയിൽ നിന്ന് സർവീസ്. ബസ് ഇല്ലത്തതിനാൽ ഗവി നിവാസികൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ജില്ലാ ആസ്ഥാനത്തേക്ക് ഒാട്ടോറിക്ഷയും ജീപ്പും മാത്രം.
--------------------------
'' പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഗവി ടൂറിസം പുനരാരംഭിച്ചത്. മറ്റ് പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ ഇവിടെയുമുണ്ട്.
പി.കെ. ജയകുമാർ ശർമ്മ, റാന്നി ഡി.എഫ്.ഒ