sabarimala

പത്തനംതിട്ട: ശബരിമലയിൽ ഏഴ് മാസപൂജകളുടെ ഇടവേളയ്ക്കുശേഷം ഭക്തർക്ക് ദർശനം അനുവദിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. തുലമാസ പൂജയ്ക്ക് നട തുറന്നിരിക്കുന്ന ഒക്ടോബർ 17 മുതൽ 21 വരെ, ദിവസം 250 പേർക്കു വീതം പ്രവേശനം നൽകാനാണ് ആലോചന. വെർച്വൽ ക്യൂ ബുക്കിംഗ് 14ന് ആരംഭിച്ചേക്കും. ബുക്ക് ചെയ്യുന്ന സമയത്തിന് 24 മണിക്കൂറിനുളളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ബുക്ക് ചെയ്ത് മൂന്നു ദിവസത്തിനുളളിൽ ദർശനത്തിന് എത്തണം. അതു കഴിഞ്ഞാണ് വരുന്നതെങ്കിൽ നിലയ്ക്കലോ പമ്പയിലോ സ്വന്തം ചെലവിൽ ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവായാൽ യാത്ര തുടരാം. ഭക്തരെ കൂട്ടത്തോടെ മല കയറാൻ അനുവദിക്കില്ല.

കൊവിഡ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ കുംഭമാസ പൂജകൾക്കുശേഷം ശബരിമലയിൽ ഭക്തർക്ക് പ്രവേശനം നൽകിയിരുന്നില്ല.

പടിയിൽ ഒരാൾ വീതം

പതിനെട്ടാം പടി വഴി ഒരാളെ വീതം കയറ്റും. ആദ്യത്തെ ആൾ നാലാമത്തെ പടിയിൽ എത്തുമ്പോൾ അടുത്തയാൾക്ക് ആദ്യ പടി കയറാം. സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല. താമസ സൗകര്യവുമുണ്ടാവില്ല. പ്രസാദ വിതരണത്തിന് ഒന്നോ രണ്ടോ കൗണ്ടറുകൾ മാത്രം. തുലാമാസ പൂജയിൽ കാെവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് പ്രവേശനം നൽകുന്നത് വിജയിച്ചാൽ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്ത് ഒരു ദിവസം ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കും ദർശനം അനുവദിക്കാനാണ് സർക്കാർ നിശ്ചയിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ.

യോഗം ഇന്ന്

തുലമാസ പൂജയിൽ ദർശനം അനുവദിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചർച്ചചെയ്യാൻ ദേവസ്വം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് നടക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, പത്തനംതിട്ട ജില്ല കളക്ടർ പി.ബി.നൂഹ് തുടങ്ങിയവർ പങ്കെടുക്കും.