തടിയൂർ : അയിരൂർ-എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇട്ടിയപ്പാറ-ഇണ്ടനാട് റോഡ് നവീകരണത്തിന് 15 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസന ഫണ്ടിൽ നിന്നുള്ള തുകയാണ് ഇതിനായി ചെലവഴിച്ചത്. അയിരൂർ പഞ്ചായത്തിന്റെ ഒന്നാം വാർഡിലൂടെയാണ് പ്രധാനമായും പാത കടന്ന് പോകുന്നത്. എഴുമറ്റൂർ പഞ്ചായത്തിലെ ആറാം വാർഡിൽ കൂടി പെരുമ്പ്രക്കാട് വാളക്കുഴി റോഡിലാണ് എത്തിച്ചേരുന്നത്. തുണ്ടിയിൽക്കടവ് എഴുമറ്റൂർ റോഡിനെയും തടിയൂർ റാന്നി റോഡിനെയും ബന്ധിപ്പിക്കുന്നു. എഴുമറ്റൂർ പഞ്ചായത്തിലെ പി.എച്ച്.സി,തടിയൂർ എൻ.എസ്.എസ് എച്ച്.എസ്.എസ്, ഇടയ്ക്കാട് മാർക്കറ്റ് എന്നിവിടങ്ങളിൽ എത്തുന്നതിന് നാട്ടുകാർക്ക് മുഖ്യ ആശ്രയവും ഈ പാതയാണ്.ഏറെ ജനവാസമുള്ള ചുഴന നിവാസികൾക്ക് മല്ലപ്പള്ളി,റാന്നി,തിരുവല്ല,പത്തനംതിട്ട ,കോഴഞ്ചേരി ഭാഗങ്ങളിലേയ്ക്ക് പോകുന്നതിനുള്ള എളുപ്പമാർഗവും ഇതാണ്.റോഡ് പുനരുദ്ധാരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും കൊണ്ടൂർ പറഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള ഇടയ്ക്കാട് മാർക്കറ്റ് വാളക്കുഴി നാരകത്താനി റോഡ് ഉന്നതനിലവാരത്തിലാക്കുന്നതിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 3.81കോടി രൂപയ്ക്ക് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഇതോടെ പ്രദേശത്തെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമാകും.