jobs
തിരുവല്ല നഗരത്തിലെ നടപ്പാത നിർമ്മാണം ഇന്നലെ പുനരാരംഭിച്ചപ്പോൾ

തിരുവല്ല: നഗരത്തിലെ നടപ്പാതകളിലെ തകർന്നു കിടന്നിരുന്ന സ്ലാബുകൾ മാറ്റുന്ന പണികൾ ആരംഭിച്ചു. കൊവിഡിനെ തുടർന്ന് മുടങ്ങിക്കിടന്ന പണികളാണ് കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ പുന:രാരംഭിച്ചത്. കുരിശുകവല മുതൽ ദീപാ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ നടപ്പാതയിൽ ടൈൽ പാകുന്ന പണികൾ ഏതാനും മാസങ്ങളായി പാതിവഴിയിൽ മുടങ്ങിക്കിടക്കുകയായിരുന്നു. ടൈൽ പാകാൻ ബാക്കി കിടന്നിരുന്ന നടപ്പാതയിലെ തകർന്ന സ്ലാബുകൾക്കിടയിൽപ്പെട്ട് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നതായ പരാതികൾ വ്യാപകമായതോടെയാണ് മുടങ്ങിക്കിടന്നിരുന്ന പണികൾ ഇന്നലെ മുതൽ പുനരാരംഭിച്ചത്. കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ നടക്കുന്ന തിരുവല്ല ബൈപ്പാസ് നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ മഴുവങ്ങാട്ചിറ മുതൽ രാമൻചിറ വരെയുള്ള നഗരഹൃദയത്തെ എം.സി റോഡിനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നതിനെ തുടർന്ന് ഈഭാഗം കൂടി ഉൾപ്പെടുത്തി 5 കോടി രൂപ അധികമായി അനുവദിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് നിലവാരമുയർത്തി നഗരത്തിലെ റോഡിന്റെ ടാറിംഗ് പൂർത്തിയാക്കി. ഇതിനിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നടപ്പാത നിർമ്മാണം മാത്രം പാതിവഴിയിൽ മുടങ്ങിയിരുന്നു. ഈ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഈമാസം പണികൾ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.