ചിറ്റാർ : കാട്ടാനശല്യം പൊറുതിമുട്ടി നാട്ടുകാർ. ചിറ്റാർ നീലിപിലാവ് വഴി മൺപിലാവിന് പോകുന്ന വനത്തിലൂടെയുള്ള ഒരുകിലോമീറ്റർ ഭാഗത്ത് കാട്ടാനശല്യം രൂക്ഷമാകുന്നത്. വനത്തിലൂടെയുള്ള റോഡിന്റെ ഇരു പ്രദേശവും ജനവാസ മേഖലയാണ്.സന്ധ്യ കഴിഞ്ഞാൽ കാട്ടാനകൾ റോഡിലേക്കിറങ്ങുന്നത് പതിവാണ്. മൺപിലാവ് പ്രദേശത്തെ ആളുകൾക്ക് ചിറ്റാറിൽ നിന്നും എത്തിച്ചേരാനുള്ള എളുപ്പമാർഗമാണിത്. ചിറ്റാർ,തണ്ണിത്തോട്, പത്തനംതിട്ട മേഖലകളിൽ ജോലിക്കുപോകുന്ന ആളുകൾ സ്ഥിരമായി ഇതുവഴിയാണ് പോകാറ്. കാടിനോട് ചേർന്ന് താമസിക്കുന്ന ആളുകളോട് കാട്ടാനകൾ റോഡിൽ ഉണ്ടോ എന്ന് വിളിച്ച് ചോദിച്ചാണ് യാത്രക്കാർ ഇതുവഴി പോകാറ്. ഓരോ നിമിഷവും ജീവനും സ്വത്തിനും ആപത്തു വരുമെന്ന ഭീതിയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്.
പരാതി നൽകിയിട്ടും ഫലമില്ല
നിരവധി തവണ വനപാലകർക്കു പരാതി നൽകുകയും, കാട്ടാനകൾ ഇറങ്ങുന്ന വനഭാഗത്ത് വൈദ്യുതി വേലികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആനകൾ കാട്ടുമരങ്ങൾ റോഡിലേക്ക്തള്ളിഇടുന്നത് നിത്യസംഭവമാണ്. വാഹനങ്ങളിൽ പോകുന്നവർ കാട്ടാനയുടെ മുമ്പിൽ ചെന്നാൽ പെട്ടെന്ന് തിരിച്ച് പോകാൻ യാതൊരു മാർഗവും ഇല്ല. വീതികുറഞ്ഞതും റോഡിന്റെ ഒരുഭാഗം വലിയകൊക്കയുമാണ്. പിന്നീട് ആളുകൾ ബഹളം വച്ച് കാട്ടാനയെ ഓടിച്ച്മാറ്റിയതിന് ശേഷമാണ് വാഹനങ്ങൾ കടന്നു പോകാറുള്ളത്.