
പത്തനംതിട്ട : തദ്ദേശതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ. നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും നടപ്പാക്കാനുള്ളവയുടെ തറക്കല്ലിടലുമൊക്കെയായി തിരക്കോട് തിരക്ക്. സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയും വാർഡ് കമ്മിറ്റികൾക്ക് രൂപംനൽകി. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ വെളിപ്പെടുത്താൻ പോസ്റ്ററുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും വൻ പ്രചാരണമാണ് നടത്തുന്നത്.
ആകെ വാർഡുകൾ :1042, സംവരണം : 627, ജനറൽ : 415
ജില്ലാ പഞ്ചായത്തിലെ 16 മണ്ഡലങ്ങളിലും നിലവിലുണ്ടായിരുന്ന ജനറൽ മണ്ഡലങ്ങൾ സംവരണ മണ്ഡലങ്ങളായി മാറി. ത്രിതല പഞ്ചായത്തുകളും നഗരസഭയുമടക്കം 1042 പ്രതിനിധികളെയാണ് വാർഡുകളിലേക്ക് തിരഞ്ഞെടുക്കുന്നത്. 2015ലെ കണക്കുപ്രകാരം 53 പഞ്ചായത്തുകൾ, എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. നഗരസഭയിൽ 132 വാർഡുകളും ത്രിതല പഞ്ചായത്തുകളിൽ 910 വാർഡുകളുമാണുള്ളത്. പട്ടികജാതി സ്ത്രീ സംവരണം 65 വാർഡുകളിലും ജനറൽ വിഭാഗത്തിലെ വനിതാ സംവരണ വാർഡുകൾ 488 എണ്ണവുമാണ്. സംവരണാടിസ്ഥാനത്തിൽ 573 വനിതകളാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. ത്രിതല പഞ്ചായത്തിൽ 421, നഗരസഭകളിൽ 67.
ആത്മവിശ്വാസത്തോടെ നേതാക്കൾ
സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടവും ജില്ലയിലെ വികസനപ്രവർത്തനങ്ങളും അനുകൂലമാകുമെന്നാണ് എൽ.ഡി.എഫി ന്റെ വിലയിരുത്തൽ. എന്നാൽ സർക്കാരിനെതിരായ വിവാദങ്ങളും കൊവിഡ് വ്യാപനവും നിർമ്മാണം പൂർത്തിയാകാത്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനൽ അടക്കം നീളുന്ന പദ്ധതികളും ആയുധമാക്കാനാണ് യു.ഡി.എഫ്, ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം.
" തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റികൾ കൂടി. വാർഡ് തല കമ്മിറ്റികൾ രൂപീകരിച്ച് ശില്പശാലയും നടത്തി വരികയാണ്. ആദ്യഘട്ട പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി. ഏകോപനത്തിനായി വാർഡുകളിൽ പ്രത്യേക സ്ക്വാഡുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്ഥാനാർത്ഥി ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. "
കെ. അനന്തഗോപൻ
(സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം)
"മണ്ഡലം കമ്മിറ്റികൾ കൊവിഡ് പ്രോട്ടോക്കോൾ മാനിച്ച് നടത്തി വരികയാണ്. ഇതുവരെ 12 കമ്മിറ്റികൾ പൂർത്തിയായി. എൽ.ഡി.എഫിലെ വിവാദങ്ങളും വികസന പദ്ധതികൾ നീണ്ടുപോകുന്നതും ജില്ലാ പഞ്ചായത്തിന്റെ ഭരണനേട്ടവും എല്ലാം യു.ഡി.എഫിന് പ്രയോജനപ്പെടും. "
സാമുവൽ കിഴക്കുപുറം
(ഡി.സി.സി ജനറൽ സെക്രട്ടറി)
" വാർഡുകളിലെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാനേജ്മെന്റ് കമ്മിറ്റികൾ വാർഡുതലത്തിൽ രൂപീകരിച്ചിട്ടുണ്ട്. കൊവിഡ് നിർദേശങ്ങൾ അനുസരിച്ച് ഓരോ വാർഡിലും മൂന്ന് പേരുടെ നേതൃത്വത്തിൽ പത്ത് പേരടങ്ങിയ ശില്പശാല നടത്തും. സ്ഥാനാർത്ഥി നിർണയം ആയിട്ടില്ല."
പി.ആർ. ഷാജി
(ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് )