
കോന്നി : നിയമപ്രശ്നങ്ങൾ അവസാനിച്ചതോടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കോന്നി ഭാഗത്തെ രണ്ടാംഘട്ട നിർമ്മാണം ഉടൻ തുടങ്ങും. കോന്നി മുതൽ പുനലൂർ വരെയുള്ള 29.84 കിലോമീറ്റർ റോഡാണ് കെ.എസ്.ടി.പി രണ്ടാം ഘട്ടത്തിൽ ടെൻഡർ ചെയ്തത്. ഇതിൽ 15 കിലോമീറ്റർ കോന്നി മണ്ഡലത്തിലാണ്. ആർ.ഡി.എസ് ചെറിയാൻ ആൻഡ് വർക്കി കൺസ്ട്രക്ഷൻനാണ് കരാർ എടുത്തിരിക്കുന്നത്. എഗ്രിമെന്റ് നടപടികൾ പൂർത്തീകരിച്ച് ഈ മാസം പണി തുടങ്ങാനാകും. കരാർ നല്കുന്നതുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ കോടതിയിലെത്തിയതിനാലാണ് പണികൾ വൈകിയത്.
സംസ്ഥാനത്ത് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ രീതിയിലുള്ള ആദ്യ നിർമ്മാണമാണിത്.14 മീറ്റർ വീതിയിൽ റോഡ് നിർമ്മിച്ച് 10 മീറ്റർ വീതിയിൽ ഡി.ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തും. പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള 82.11 കിലോമീറ്റർ റോഡ് വികസനമാണ് കെ.എസ്.ടി.പി.രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നു ഭാഗങ്ങളായി തിരിച്ചായിരുന്നു ടെൻഡർ.
കോന്നി വികസിക്കും
കോന്നി - പുനലൂർ റീച്ചിന്റെ വികസനം കോന്നി, ചൈനാമുക്ക്, എലിയറയ്ക്കൽ, വകയാർ, കൊല്ലൻപടി, മുറിഞ്ഞകൽ, കൂടൽ, കലഞ്ഞൂർ, ഇടത്തറ തുടങ്ങിയ പ്രദേശങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും .പ്രധാന ജംഗ്ഷനുകളിൽ ഫൂട്ട് പാത്ത് കം ട്രെയിനേജും നിർമ്മിക്കും. ചെറിയ പാലങ്ങൾ പുതുക്കി നിർമ്മിക്കും. എല്ലാ ബസ് സ്റ്റോപ്പുകളും ബസ്‌ബേകളായി വികസിപ്പിക്കും. സ്ട്രീറ്റ് ലൈറ്റും ട്രാഫിക് സിഗ്‌നൽ ലൈറ്റുകളും സ്ഥാപിക്കും.
നിയമപ്രശ്നങ്ങൾ അവസാനിച്ചതോടെ കോന്നി ഭാഗത്തെ നിർമ്മാണം ഉടൻ തുടങ്ങും. ടെൻഡർ നടപടി പൂർത്തീകരിച്ചിട്ടുണ്ട്. ഈ മാസം തന്നെ എഗ്രിമെന്റ് വച്ച് പണി തുടങ്ങാനാണ് ശ്രമം.
കെ.യു. ജനീഷ് കുമാർ എം.എൽ.എ