underpath
കുറ്റൂർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ജോലികൾ തുടങ്ങിയപ്പോൾ

തിരുവല്ല: റെയിൽവേ നിർമ്മിച്ച അടിപ്പാതകളിലെ വെള്ളക്കെട്ടിന്റെ ദുരിതം ഒഴിവാക്കാനുള്ള പ്രവർത്തികൾ തുടങ്ങി. തിരുമൂലപുരം -കറ്റോട് റോഡിലെ ഇരുവെള്ളിപ്ര, കുറ്റൂർ-മനയ്ക്കച്ചിറ റോഡിലെ കുറ്റൂർ, പ്രാവിൻകൂട് -ഓതറ റോഡിലെ തൈമറവുംകര എന്നീ അടിപ്പാതകളിലാണ് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് യാത്രാദുരിതം ഉണ്ടാകുന്നത്.ഈപ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള ജോലികളാണ് റെയിൽവേ കോട്ടയം ഡിവിഷന്റെ നേതൃത്വത്തിൽ തുടങ്ങിയത്. റോഡിന്റെ ഇരുവശങ്ങളിൽ നിന്നും അടിപ്പാതയിലേക്ക് വെള്ളം ഒഴുകാതിരിക്കാനായി 1.2 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കും. വശങ്ങളിലെ മണ്ണ് നീക്കി റോഡിന് കുറുകെ ഓട നിർമ്മിച്ച് വെള്ളം പാടത്തേക്ക് ഒഴുക്കും. മുകളിൽ നിന്നുള്ള വെള്ളം വീഴാതിരിക്കാൻ ഇരുവശങ്ങളിലും അലൂമിനിയം ഷീറ്റിട്ട് മേൽക്കൂര സ്ഥാപിച്ച് പാത്തിയിലൂടെ വെള്ളം തള്ളിവിടും. അടിപ്പാതയിലേക്ക് വെള്ളം വരാതിരിക്കാൻ ഇരുവശങ്ങളിലും ഹമ്പും സജ്ജമാക്കും. വാഹനങ്ങൾക്ക് പോകാവുന്ന ഉയരം കണക്കാക്കി അടിപ്പാത കോൺക്രീറ്റ് ചെയ്ത് ഉയർത്താനും അധികൃതർ ആലോചിക്കുന്നു. സെക്ഷൻ എൻജിനിയറുടെ നേതൃത്വത്തിൽ കഴിഞ്ഞമാസം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയ ശേഷമാണ് ഇപ്പോൾ പണികൾ തുടങ്ങിയത്.

അഞ്ചുവർഷമായി ദുരിതം


ലവൽക്രോസ് ഒഴിവാക്കി അഞ്ചുവർഷം മുമ്പ് ഈ അടിപ്പാതകൾ നിർമ്മിച്ചപ്പോൾ മുതൽ യാത്രക്കാരും പ്രദേശവാസികളും പലവിധത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുകയാണ്. നാലുവശവും കോൺക്രീറ്റ്‌ ചെയ്ത ബോക്സ് ആകൃതിയിലുള്ള അടിപ്പാതയാണ് നിർമ്മിച്ചത്. ഏകദേശം നൂറുമീറ്റർ നീളത്തിലും 12മീറ്റർ വീതിയിലും നിർമ്മിച്ച അടിപ്പാതയിൽ ഓടയും നടപ്പാതയും എല്ലാമുണ്ടെങ്കിലും മഴപെയ്താൽ വെള്ളപ്പൊക്കമാണ്. ചോർച്ചയില്ലെങ്കിലും റോഡിന്റെ പലഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം രണ്ടുംമൂന്നും അടിവരെ പൊക്കത്തിൽ ഒഴുകിപ്പോകാതെ കെട്ടിക്കിടക്കും. ഇതുകാരണം റോഡിലൂടെ പോകാനാകാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. പ്രദേശത്തിന്റെ പ്രത്യേകതകളൊന്നും മനസിലാക്കാതെ അശാസ്ത്രീയമായാണ് അടിപ്പാത നിർമ്മിക്കുന്നതെന്ന് അന്നേ ആക്ഷേപമുണ്ടായി. പിന്നീട് പരാതികളും പ്രതിഷേധങ്ങളും ഉയർന്നതിനെ തുടർന്നാണ് റെയിൽവേ പരിഹാരമുണ്ടാക്കാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

-1.2 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കുംർ

കാലാവസ്ഥ അനുകൂലമായാൽ മൂന്ന് അടിപ്പാതകളിലെയും പണികൾ വേഗത്തിൽ പൂർത്തിയാക്കാനാകും.

(റെയിൽവേ അധികൃതർ)