
ശബരിമല : എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി 2011 മുതൽ വിവിധ തസ്തികകളിൽ ജോലിനോക്കിയിരുന്ന 84 താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
താത്കാലികക്കാരെ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ലോവർ ഡിവിഷൻ ക്ളാർക്ക്, സെക്കൻഡ് ഗ്രേഡ് സബ് ഗ്രൂപ്പ് ഒാഫീസർ എന്നീ തസ്തികകളിൽ താത്കാലിക നിയമനം ലഭിച്ചവരാണ് ഒൻപത് വർഷത്തിന് ശേഷം പുറത്താകുന്നത്. ഇതോടെ, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലൂടെ നിയമനത്തിന് അർഹത നേടുകയും അഡ്വൈസ് മെമ്മോ ലഭിക്കുകയും ചെയ്തവർക്ക് ജോലിയിൽ പ്രവേശിക്കാം. 2011ലാണ് ബോർഡ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി 90 പേരെ നിയമിച്ചത്. ഇതിൽ ആറ് പേർ പിന്നീട് പിരിഞ്ഞുപോയി. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന കാലത്ത് ഇവരുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനം എടുത്തിരുന്നെങ്കിലും താത്കാലിക ജീവനക്കാരിൽ ചിലർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.
ഇത് സംബന്ധിച്ച് ബോർഡ് നൽകിയ ഹർജിയിൽ വാദം കേട്ട കോടതി താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ വ്യാഴാഴ്ച ഉത്തരവിടുകയായിരുന്നു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയിൽ വിജയിച്ച് അഡ്വൈസ് മൊമ്മോ ലഭിച്ചവർക്ക് ഉടൻ സ്ഥിരനിയമനം നൽകാനാകും.
എൻ. വാസു.
പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്.