 
തിരുവല്ല: കനത്ത മഴയിൽ റോഡ് ഇടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം മുടങ്ങി. നിരണം ഇരതോട്-പള്ളിപ്പടി റോഡിന്റെ ഒരു ഭാഗമാണ് സമീപത്തെ തോട്ടിലേക്ക് ഇടിഞ്ഞ് വീണത്. ഇന്നലെ രാവിലെയാണ് സംഭവം. പാടശേഖരത്തിലേക്ക് പോകുന്ന പ്രധാനവഴി കൂടിയാണിത്. ഇരതോട് ബോട്ട് ജെട്ടിയിൽ നിന്നും ലിങ്ക് ഹൈവേയിലേക്ക് എത്തിച്ചേരുന്ന ഈ റോഡ് സഞ്ചാരയോഗ്യമല്ലാത്തതായി മാറി. വൈദ്യുതി ബോർഡിന്റെ പുതിയ പോസ്റ്റ് സ്ഥാപിക്കാനായി കഴിഞ്ഞ ദിവസം ഇവിടെ കുഴിച്ചിരുന്നു. ഗതാഗത തടസം ഉണ്ടാകുന്നതിനാൽ നാട്ടുകാർ പോസ്റ്റ് ഇടുന്നത് തടഞ്ഞു. റോഡിൽ വലിയ കുഴിയെടുത്തതാണ് റോഡ് പെട്ടെന്ന് ഇടിഞ്ഞുവീഴാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് ഇടിഞ്ഞുവീണതോടെ പ്രദേശത്ത് താമസിക്കുന്നവർക്കും പാടശേഖരത്തിലേക്ക് പോകുന്ന കർഷകർക്കും യാത്രാമാർഗം അടഞ്ഞിരിക്കുകയാണ്. ഇരതോട്, ഇടയോടി ചെമ്പ് പാടശേഖരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന തോടിന്റെ വശത്തുകൂടി പോകുന്ന റോഡാണിത്. ഉടൻ നന്നാക്കിയില്ലെങ്കിൽ റോഡിന്റെ ബാക്കിഭാഗം കൂടി ഒലിച്ചു പോകാനുള്ള സാദ്ധ്യതയുണ്ട്. റോഡ് പുനർനിർമ്മിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു ടി തോമസ് എം.എൽ.എയ്ക്ക് നാട്ടുകാർ പരാതി നൽകി.