
പത്തനംതിട്ട: ഓട്ടോറിക്ഷയും ഇരു ചക്രവാഹനങ്ങളും ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് ഇൻഡിക്കേറ്ററിനൊപ്പം ബസറും നിർബന്ധമാക്കുന്ന തരത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
ഗതാഗത കമ്മിഷണർക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. ചെറിയ വാഹനങ്ങൾ ഇടത്തോട്ടും വലത്തോട്ടും തിരിയുമ്പോൾ ഓണാക്കുന്ന ഇൻഡിക്കേറ്റർ ഓഫാക്കാൻ മറക്കുന്നത് കാരണം അപകടങ്ങളുണ്ടാകുന്നുവെന്ന് പരാതിപ്പെട്ട് കൊടുമൺ സ്വദേശി ബിനു ശങ്കർ സമർപ്പിച്ച പരാതിയിലാണ് നടപടി. ബസർ ഘടിപ്പിച്ചാൽ ഇൻഡിക്കേറ്റർ ഓണാക്കുമ്പോൾ ഡ്രൈവർക്ക് അറിയാൻ സാധിക്കുമെന്നും പരാതിയിൽ പറയുന്നു.
ഗതാഗത കമ്മിഷണറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. കേന്ദ്ര മോട്ടോർ വാഹന ചട്ട പ്രകാരം ബസർ നിർബന്ധമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വാഹനത്തിന്റെ ഡ്രൈവർ ആവശ്യം കഴിഞ്ഞാൽ ഇൻഡിക്കേറ്റർ ഓഫാക്കാൻ മറക്കാൻ പാടില്ലെന്ന് 17/200 നമ്പരായി സർക്കുലർ നിലവിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ചെറുവാഹനങ്ങളിൽ ബസർ ഉണ്ടെങ്കിൽ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ ഡ്രൈവർക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.