10-harrison
കുമ്പഴത്തോട്ടത്തിലെ 19 മലയിലെ ഹെലിപ്പാഡ് റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട് കാടുകയറിയ നിലയിൽ

മലയാലപ്പുഴ: മാനംമുട്ടെ പറന്നുയരാനും മല നിരകളിൽ താഴ്ന്നിറങ്ങാനും കഴിയുന്ന യന്ത്രത്തുമ്പികൾ വിരുന്നെത്തിയിരുന്ന ഒരു കാലം മലയോരത്തിന് ഉണ്ടായിരുന്നു. വലിയശബ്ദത്തോടെയും മരക്കൊമ്പുകളെ ഇളക്കിയും ക‌ടന്നുവന്നിരുന്ന ഹെലികോപ്ടറുകളെ അന്ന് നാട്ടുകാർ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. മലയാലപ്പുഴ ഹാരിസൺ മലയാളം ലിമിറ്റഡിന്റെ

കുമ്പഴത്തോട്ടത്തിൽ 19 എന്നറിയപ്പെടുന്ന കുന്നിൻ മുകളിലെ ഹെലിപാഡിലായിരുന്നു ഹെലികോപ്ടറുകൾ പറന്നിറങ്ങിയിരുന്നത്. ഹെക്ടർ കണക്കിന് വ്യാപിച്ചു കിടക്കുന്ന എസ്റ്റേറ്റിലെ റബർത്തോട്ടത്തിൽ തുരിശ് തളിയ്ക്കാൻ എത്തുന്നവയായിരുന്നു ഇവ. വിമാനയാത്ര സ്വപ്നം കണ്ടിരുന്ന നാട്ടുകാരും തൊഴിലാളികളും ഹെലികോപ്ടറിന്റെ പ്രവർത്തനങ്ങളെ അത്ഭുതത്തോടെ നോക്കിക്കണ്ടു. പൈലറ്റുമാർ ആരാധനാപാത്രങ്ങളുമായി.

കൊച്ചിയിലെ കീടനാശിനി കമ്പനികളിൽ നിന്നെത്തുന്ന ഹെലികോപ്ടറുകൾ ആഴ്ച്ചകളോളം തോട്ടത്തിൽ തുരിശ് തളിക്കുമായിരുന്നു.

കുന്നിൻ മുകളിലെ ഹെലിപ്പാഡിന് ചുറ്റും അക്കാലത്ത് തേയിലത്തോട്ടങ്ങളായിരുന്നു. സമീപത്തെ മലകളിലും തേയിലത്തോട്ടങ്ങളായിരുന്നതിനാൽ ദുരസ്ഥലങ്ങളിൽ നിന്നാൽ പോലും ഹെലികോപ്ടർ ഉയരുന്നതും താഴുന്നതും കാണാമായിരുന്നു.

തുരിശടിക്കാലം തുടങ്ങിയാൽ സമീപ ഗ്രാമങ്ങളിലെ കുട്ടികൾക്കും എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കൾക്കും ഉത്സവകാലമായിരുന്നു. ഹെലികോപ്ടറുകളെ അടുത്ത് കാണാൻ കുട്ടികൾ കൂട്ടമായി 19 മലയിലെത്തും.

ആ കാലം പോയി മറഞ്ഞു...

19 മലയുടെ ഒരു വശത്ത് കല്ലാറും അക്കരെ വടശ്ശേരിക്കര റേഞ്ചിലെ വനവുമാണ്. ഇവിടെ നിന്നുള്ള കാഴ്ച മൂന്നാറിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഹെലികോപ്ടറിൽ നിന്നുള്ള തുരിശ് വീണ് കല്ലാറ്റിലെ മത്സ്യങ്ങൾ മയങ്ങുമ്പോൾ ഇവയെ പിടിക്കാൻ നാട്ടുകാർ നദിയിലിറങ്ങുന്ന കാലം ഇന്നും പഴമക്കാരുടെ ഓർമ്മയിലുണ്ട്. കാറ്റിന്റെ ദിശ മനസിലാക്കാൻ ഹെലിപാഡിൽ കൊടിയും, എസ്റ്റേറ്റിന്റെ അതിർത്തികൾ പൈലറ്റിന് അറിയാൻ അതിർത്തികളിൽ അടയാളങ്ങളും സ്ഥാപിച്ചിരുന്നു. ഹെലിപ്പാഡിൽ 'എച്ച് ' എന്നെഴുതിയ സ്ഥലത്താണ് ഹെലികോപ്ടറുകൾ ലാൻഡ് ചെയ്തിരുന്നത്.

പൊന്തക്കാടിനുള്ളിൽ ഹെലിപ്പാഡ്

1950 വരെ തൊഴിലാളികൾ റബർമരത്തിൽ കയറിയാണ് തുരിശ് തളിച്ചിരുന്നത്. ആറ് മാസം കൊണ്ടായിരുന്നു ഈ ജോലി തീർന്നിരുന്നത്. പിന്നീടിത് ഹെലികോപ്ടറുകൾക്ക് വഴിമാറിയെങ്കിലും 1990 ഓടുകൂടി റബറിന് തുരിശ് തളിക്കുന്നത് അവസാനിച്ചു. റബറിന്റെ വിലയിടിവ് തിരിച്ചടിയായതോടെ തകർച്ച പൂർണമായി. ഹെലിപ്പാഡ് നിലനിന്നിരുന്ന 19 മലയിലേയും സമീപ മലകളിലെയും തേയിലക്കൃഷി റബറിന് വഴിമാറിയെങ്കിലും അധികകാലം ആകുംമുമ്പേ ഇവിടം പൊന്തക്കാടുകളായി. കാട്ടുപന്നികളുടെയും മ്ലാവുകളുടെയും വിഹാരകേന്ദ്രമായി വിജനമാണിവിടം.