
പത്തനംതിട്ട: തുലാമാസ പൂജയിലും തീർത്ഥാടന കാലത്തും ശബരിമല തീർത്ഥാടകർക്ക് കുളിക്കാൻ ഷവറുകൾ സ്ഥാപിക്കും. പമ്പാനദിയിൽ ഇറങ്ങിക്കുളിക്കാൻ അനുവദിക്കില്ല. ഷവറുകളിൽ പമ്പയിലെ വെള്ളം പമ്പ് ചെയ്ത് എത്തിക്കും. ഷവറുകൾ എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാൻ തിരുവല്ല സബ് കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ്, വാട്ടർ അതാേറിറ്റി, ഇറിഗേഷൻ വകുപ്പ് എൻജിനിയർമാരുടെ സംഘം ഇന്ന് പമ്പയിൽ സന്ദർശനം നടത്തും. കുളിക്കുന്ന വെള്ളം വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഒഴുക്കും. പമ്പാനദിയിൽ ആരും കുളിക്കുന്നില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പുവരുത്തും.
തുലമാസ പൂജാദിവസങ്ങളിൽ പമ്പയിലേക്ക് ചെറിയ വാഹനങ്ങൾ കടത്തിവിടും. ആരോഗ്യ വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ ആന്റിജൻ പരിശോധന നടത്തും. മാസ പൂജയ്ക്ക് പ്രതിദിനം 250 പേർക്കും തീർത്ഥാടന കാലത്ത് ആയിരം പേർക്കും ദർശനം അനുവദിക്കാനാണ് ആലോചന.
'' പമ്പയിൽ തീർത്ഥാടകർ കുളിക്കുന്നതിന് നിരോധനമുള്ളതിനാൽ പ്രത്യേക സംവിധാനം ഒരുക്കും.
പി.ബി. നൂഹ്,
ജില്ലാ കളക്ടർ, പത്തനംതിട്ട