safe-zone

പത്തനംതിട്ട : കാെവിഡിന്റെ പശ്ചാത്തലത്തിൽ ശബരിമല സേഫ് സോൺ പദ്ധതി പുതുക്കുന്നതിന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗം നിർദേശം നൽകി. റോഡ് സുരക്ഷ സംബന്ധിച്ച് പൊലീസ്, മോട്ടോർ വാഹനം, പൊതുമരാമത്ത് വകുപ്പുകൾ ഈ വർഷം സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്തു. ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി പ്രധാന റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപണികൾക്കും പൊതുമരാമത്ത് നിരത്തു വിഭാഗം സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്ക് അനുവദിച്ച ഫണ്ടുകൾ വിനിയോഗിച്ചതിന്റെ ധനവിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
പത്തനംതിട്ട നഗരസഭ പരിധിയിലെ പ്രധാന റോഡുകളുടെ വശങ്ങളിൽ റോഡുകളിലേക്ക് ഇറങ്ങി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളുടെ ലിസ്റ്റ് എടുത്ത് അവ അടിയന്തരമായി നീക്കം ചെയ്യുന്നതിന് കെ.എസ്.ഇ.ബിക്ക് നിർദേശം നൽകുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗത്തെ ചുമതലപ്പെടുത്തി. ദിശാ സൂചനാ ബോർഡുകളും മറ്റും വ്യക്തമായും കൃത്യമായും സ്ഥാപിക്കുന്നത് പൊതുമരാമത്ത് നിരത്തു വിഭാഗം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
എ.ഡി.എം അലക്‌സ് പി. തോമസ്, ആർ.ടി.ഒ ജിജി ജോർജ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. പ്രദീപ് കുമാർ, പൊതുമരാമത്ത് നിരത്തു വിഭാഗം ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.എൽ. സജി, വിദ്യാഭ്യാസ ഉപഡയറക്ടർ പി.കെ. ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.