ചെങ്ങന്നൂർ : എം.സി റോഡിലെ സോളാർ തെരുവു വിളക്കുകൾ കഴിഞ്ഞ രണ്ട് വർഷമായി കത്താത്തതിനെതിരെ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പരാതി നൽകി.എം.സി റോഡ് രണ്ടാംഘട്ട നിർമ്മാണത്തിനു ശേഷം നഗരസഭാ അതിർത്തിയിൽ വെള്ളാവൂർ ജംഗ്ഷൻ മുതൽ ഇറപ്പുഴ പാലം വരെയുള്ള ഭാഗത്ത് കെൽട്രോൺ സ്ഥാപിച്ച 42 തെരുവു വിളക്കുകൾ കത്താതെ കിടക്കുകയാണ്. പലഭാഗത്തും ബാറ്ററികൾ ഇളകി തകരാറിലായി. ഒരു തെരുവുവിളക്കു പോലും പ്രകാശിക്കുന്നില്ല. ഇറപ്പുഴ പാലത്തിൽ രാത്രികാലങ്ങളിൽ പൂർണമായും അന്ധകാരത്തിലാണ്. ഇതു സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാൻ തയാറാകുന്നില്ലെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു. തെരുവു വിളക്കുകൾ സ്ഥാപിച്ച കെൽട്രോൺ അറ്റകുറ്റപ്പണി നടത്തി വിളക്കുകൾ തെളിയിക്കാൻ തയാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് പറയുന്നു. ഇതു സംബന്ധിച്ച് തിരുവനന്തപുരം കെ.എസ്.ടി.പി ചീഫ് എൻജിനിയർ, മൂവാറ്റുപുഴ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ, കൊല്ലം ഡിവിഷൻ നാഷണൽ ഹൈവേ വിഭാഗം ചീഫ് എൻജിനിയർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്ന് ചെയർമാൻ കെ. ഷിബുരാജൻ പറഞ്ഞു.