പത്തനംതിട്ട: പെൻഷൻ നിശ്ചയിക്കുന്ന രീതി മാറ്റിയ സർക്കാർ ഉത്തരവ് ജീവനക്കാരെ ദ്രോഹിക്കുന്നതാണെന്ന് കേരള എയിഡഡ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.എ.ടി.എ) കുറ്റപ്പെടുത്തി. 29 വർഷവും ഒരു ദിവസവും സർവീസ് ഉള്ളവർക്ക് മുപ്പത് വർഷം കണക്കാക്കി പൂർണ പെൻഷന് അർഹതയുണ്ടായിരുന്നു. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം 29 വർഷവും ഒൻപത് മാസത്തിൽ കൂടുതലും സർവീസ് ഉള്ളവർക്ക് മാത്രമേ പൂർണ പെൻഷന് അർഹതയുള്ളൂ. പൂർണ പെൻഷൻ അനുവദിക്കുന്നതിനുള്ള കാലാവധി 25 വർഷമായി കുറയ്ക്കണമെന്ന സംഘടനകളുടെ ആവശ്യം സർക്കാർ തള്ളിയിരിക്കുകയാണ്.പുതിയ ഉത്തരവിനെതിരെ സമരങ്ങൾക്ക് രൂപം നൽകും.യോഗത്തിൽ കെ.എ.‌ടി.എ സംസ്ഥാന സെക്രട്ടറി എ.വി.ഇന്ദുലാൽ, ഡോ. എൻ. ഐ.സുധീഷ്കുമാർ,പി.ആർ. അനിൽകുമാർ,ബി.ശ്രീപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.