തുമ്പമൺ : സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ഖരമാലിന്യ രഹിത നേട്ടം കൈവരിച്ച് തുമ്പമൺ പഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വർഗീസ് ശുചിത്വ പദവി പ്രഖ്യാപനം നടത്തി.തുടർന്ന് ജില്ലാതല ശുചിത്വ അവലോകന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിയമിച്ച വിദഗ്ധ സംഘം പരിശോധിച്ച് ഗ്രേഡിംഗ് നടത്തുകയും ചെയ്തു.തദ്ദേശസ്വയംഭരണ സ്ഥാപനം സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലും സമിതിയുടെ നേരിട്ടുള്ള സന്ദർശനത്തിലൂടെയും ഹരിതകർമ്മസേനയുമായുള്ള ആശയവിനിമയത്തിലൂടെയും മാർക്കുകൾ നിശ്ചയിച്ചു.

88ശതമാനം മാർക്കോടെ ജില്ലയിൽ ഒന്നാമത്

ശുചിത്വ പദവി വിലയിരുത്തലിൽ 88 ശതമാനം മാർക്കോടെ തുമ്പമൺ പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി. ഇതിന് ഏറ്റവും കൂടുതൽ പങ്ക് വഹിച്ചത് ഹരിതകർമ്മസേന അംഗങ്ങളാണ്.അജൈവ മാലിന്യ സംസ്‌കരണം, ജൈവ മാലിന്യ സംസ്‌കരണം,ദ്രവ മാലിന്യ സംസ്‌കരണം തുടങ്ങിയ മൂന്ന് ഘട്ടങ്ങളിലായി വേണം പഞ്ചായത്ത് സമ്പൂർണ ശുചിത്വ പദവി കൈവരിക്കുവാൻ. അതിൽ അജൈവ മാലിന്യ സംസ്‌കരണത്തിന് രാജ്യത്തിന് തന്നെ മാതൃകയായി ഹരിതകേരളം മിഷൻ, കില, ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് തുടങ്ങിയവർ ചേർന്ന് നടത്തിയ ദേശീയ വെബിനാറിൽ സംസ്ഥാനത്ത് നിന്നും തെരെഞ്ഞെടുത്ത ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി തുമ്പമൺ പഞ്ചായത്ത് മാറി.

അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേന

അജൈവ മാലിന്യ ശേഖരണം ചിട്ടയായ രീതിയിൽ നടത്തുന്നതിനായി ഓരോ വാർഡിൽ നിന്നും 2 പേർ എന്ന ക്രമത്തിൽ 26 ഹരിതകർമ്മസേനാംഗങ്ങൾ തുമ്പമൺ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. എല്ലാ മാസവും ഹരിതകർമ്മസേനാംഗങ്ങൾ പ്രത്യേക കലണ്ടർ പ്രകാരം പഞ്ചായത്തിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കും. ശേഖരിച്ച അജൈവ മാലിന്യങ്ങൾ തരംതിരിച്ച് പഞ്ചായത്ത് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിലേക്കും തുടർന്ന് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ആറന്മുള റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററിലേക്കും എത്തിക്കുന്നു. ഇതിലൂടെ പ്രതിമാസം ഒരു ഹരിതകർമ്മസേനാംഗത്തിന് ശരാശരി 4000 രൂപ വരെ വരുമാനം ലഭിക്കും.

വാട്ട്‌സ് ആപ്പിലൂടെ മാലിന്യ ശേഖരണം

കൊവിഡ് കാലത്ത് 13 വാർഡുകളിലും കൊവിഡ് കമ്മ്യൂണിറ്റി എന്ന പേരിൽ വാട്ട്‌സ് ആപ് ഗ്രൂപ്പുകൾ തുടങ്ങി. ഓരോ വീടുകളിലും അജൈവമാലിന്യം വൃത്തിയാക്കി വച്ച ശേഷം അതാത് വീട്ടുകാർ അതിന്റെ ഫോട്ടോ വാട്ട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ ഹരിതകർമ്മസേനാംഗങ്ങളെ അറിയിക്കും. തുടർന്ന് ഹരിതകർമ്മസേനാംഗങ്ങൾ സുരക്ഷാ ഉപാധികളോടുകൂടി വീടുകളിൽ എത്തി മാലിന്യം ശേഖരിക്കും.


ക്യാമ്പയിനുകളും നടത്തി


പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം കത്തിക്കുന്നവർക്കും വലിച്ചെറിയുന്നവർക്കുമെതിരെ കർശന നടപടികൾ പഞ്ചായത്ത് സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 15000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

ഗ്രീൻ പ്രോട്ടോക്കോൾ

2020 ഒക്‌ടോബർ 10ന് മുഖ്യമന്ത്രി നടത്തുന്ന ശുചിത്വ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലയിൽ ഒന്നാം സ്ഥാനംനേടിയ തുമ്പമൺ പഞ്ചായത്തിന് മൊമന്റോയും സർട്ടിഫിക്കറ്റും നൽകും. നിലവിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തി സമ്പൂർണ ശുചിത്വ പദവി നേടുകയാണ് തുമ്പമൺ പഞ്ചായത്തിന്റെ ലക്ഷ്യം