finance

പത്തനംതിട്ട : ജില്ലയിലെ പോപ്പുലർ ഫിനാൻസിന്റെ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനും സ്വർണവും മറ്റ് ആസ്ഥികളും അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കളക്ടർ പി.ബി.നൂഹ് ഉത്തരവിറക്കി. ഹൈക്കോടതിയുടെയുടെയും സർക്കാരിന്റെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലും 2013 ലെ സാമ്പത്തിക സ്ഥാപന നിയമത്തിലെ സെക്ഷൻ നാലു പ്രകാരം നിക്ഷേപകരുടെ താൽപര്യ സംരക്ഷണം മുൻനിറുത്തിയുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.


ധനകാര്യ സ്ഥാപനത്തിന്റെ ശാഖകളിലും മറ്റ് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന പണം, സ്വർണം, മറ്റ് ആസ്തികൾ എന്നിവയുൾപ്പെടെ എല്ലാ സ്വത്തുക്കളും അറ്റാച്ചുചെയ്യും.പോപ്പുലർ ഫിനാൻസിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത്, കെട്ടിടങ്ങൾ, ഓഫീസുകൾ, വീടുകൾ, മറ്റേതെങ്കിലും പേരുകളിലുള്ള സ്ഥാപനങ്ങൾ, ഇവയുടെ സ്വത്തുകൾ, പണം തുടങ്ങിയവയുടെ കൈമാറ്റം നിരോധിച്ചു. എല്ലാ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളും മരവിപ്പിച്ചു.


എല്ലാ സ്ഥാപനങ്ങളും അടയ്ക്കാനും പൂട്ടാനും മുദ്രവയ്ക്കാനും ജില്ലാ കളക്ടർക്ക് മുന്നിൽ താക്കോൽ ഹാജരാക്കാനും ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ധനകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ചലിക്കാത്ത വസ്തുക്കളുടെ കൈമാറ്റം, അന്യവൽക്കരണം എന്നിവ നിരോധിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ രജിസ്ട്രാർക്കും നിർദേശം നൽകിയിട്ടുണ്ട്.
പോപ്പുലർ ഫിനാൻസിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ജില്ലാ ലീഡ് ബാങ്ക് മാനേജർ, ജില്ലാ സഹകരണ സംഘങ്ങളുടെ ജോയിന്റ് രജിസ്ട്രാർ, റീജിയണൽ മാനേജർ കെ.എസ്.എഫ്.ഇ, ജില്ലാ മാനേജർ കെ.എഫ്‌.സി, ജില്ലയിലെ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവരോട് നിർദേശിച്ചു.
വാഹനങ്ങളുടെ വിശദാംശങ്ങൾ നൽകാനും ലിസ്റ്റു ചെയ്ത വാഹനങ്ങൾ കൈമാറുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും പത്തനംതിട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിർദേശം നൽകി.