പത്തനംതിട്ട : അടൂർ പള്ളിക്കൽ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർമാരുടെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പട്ടികജാതി യുവതികൾ രംഗത്ത്.പള്ളിക്കൽ സ്വദേശികളായ പ്രതിഭ, അമ്പിളി എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.സാമൂഹ്യ ക്ഷേമവകുപ്പ്മന്ത്രി, സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടർ,ശിശുവികസന ഓഫീസ്, കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ അന്വേഷണമൊന്നും നടന്നിട്ടില്ലെന്ന് ഇവർ പറയുന്നു.പി.എസ്.സി സംവരണം അനുസരിച്ചാണ് നിയമനം നടത്തുന്നത്.രണ്ടും മൂന്നും വർഷം ജോലി ചെയ്തവരെ മാറ്റി നിറുത്തി സീനിയോറിട്ടി പോലും കണക്കാക്കാതെ വെറും രണ്ട് മാസം ജോലി ചെയ്തവർക്കാണ് നിലവിൽ ജോലി നൽകിയിരിക്കുന്നത്. 13 പേരെയാണ് പള്ളിക്കൽ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിൽ നിയമിച്ചിട്ടുള്ളത്. എന്നാൽ ഇവരിൽ പലരും ഇന്റർവ്യൂവിൽ മോശം പ്രകടനം കാഴ്ചവച്ചവരാണെന്നും കരഞ്ഞു കൊണ്ട് ഇറങ്ങി പോന്നവരാണെന്നും ഇവർ പറയുന്നു.

പ്രതിഭയും അമ്പിളിയും ഏഴ് ചോദ്യങ്ങൾക്കും കൃത്യമായി മറുപടി പറയുകയും വർഷങ്ങളായി താൽകാലികമായി ജോലി ചെയ്തിരുന്നവരും അങ്കണവാടിയുടെ എല്ലാ പ്രവർത്തനങ്ങളിലും കർമനിരതരായിരുന്നവരുമാണ്. ഇതിനിടയിൽ പുറത്തുവന്ന റാങ്ക് ലിസ്റ്റിൽ പട്ടികജാതിക്കാരിയായ പ്രതിഭ എന്ന യുവതിയുടെ ജാതി എസ്.സി എന്നതിന് പകരം ഒ.ബി.സി എന്ന് മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് പറക്കോട് ഡിവിഷൻ ഓഫീസിലെത്തി ചൂണ്ടികാണിച്ചപ്പോൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയതിന്റെ പിശകാണെന്നും തിരുത്താം എന്നും ഉറപ്പു നൽകി.2015 മുതൽ 2020 വരെ അങ്കണവാടി ഹെൽപ്പറായി ജോലി ചെയ്തിരുന്നയാളാണ് പ്രതിഭ. 2016 മുതൽ 2019 വരെ അമ്പിളിയും ജോലി ചെയ്തിട്ടുണ്ട്.

-------------------------

"ഇങ്ങനെ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ചിലത് തെറ്റിദ്ധാരണയുടെ പേരിലാണ്. സി.പി.ഒ അടക്കമുള്ള പാനലവാണ് ഇന്റർവ്യൂ ബോർഡിലുള്ളത്. വർഷങ്ങളുടെ അടിസ്ഥാനത്തിലല്ല വർക്കിംഗ് ഡേകളുടെ അടിസ്ഥാനത്തിലാണ് സീനിയോറിട്ടി നോക്കുന്നത്. പി.എസ്.സിയുടെ സംവരണവും മാർക്കുകളും പരിശോധിക്കും. "

(ശിശുവികസന ഓഫീസ് അധികൃതർ)

"സാധാരണക്കാർക്ക് നീതി നിഷേധിക്കുന്ന അവസ്ഥയാണിത്. കളക്ടർക്കും മന്ത്രിയ്ക്കും പരാതി.നൽകിയിരുന്നു. ഇതുവരെ അന്വേഷണം ഉണ്ടായിട്ടില്ല. രണ്ട് മാസം വരെ ജോലി ചെയ്തവർ ലിസ്റ്റിൽ ഉണ്ട്. നിയമനത്തിൽ അപാകതകളുണ്ടായിട്ടുണ്ടെന്ന് ഉറപ്പാണ്."

പ്രതിഭ , രാജ് ഭവൻ

(പരാതിക്കാരി)