1
നിർമ്മാണം നടക്കുന്ന ആനയടി - കൂടൽ റോഡ്

പള്ളിക്കൽ : വൈദ്യുതി പോസ്റ്റുകൾ മാറ്റാനും പൈപ്പുകൾ സ്ഥാപിക്കാനും ഫണ്ട് ഇല്ലാത്തതിനാൽ ആനയടി - കൂടൽ റോഡ് പണി ഇഴയുന്നു. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ 2 കോടി രൂപയും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിന് 13 കോടി രൂപയും ആണ് എസ്റ്റിമേറ്റ് തുക. ഇത്രയും ഈ തുക കിഫ്ബി അനുവദിച്ചെങ്കിൽ മാത്രമേ പണി തുടങ്ങാനാകു.

ടാറിംഗിനു ശേഷം റോഡ് വെട്ടിപ്പൊളിക്കാതിരിക്കാനാണ് പോസ്റ്റുകൾ മാറ്റുന്നതും പൈപ്പുകൾ ഇടുന്നതും. ആനയടി മുതൽ കൂടൽ വരെ റോഡിന്റെ ഒരു ഭാഗത്ത് കിഫ് ബി പദ്ധതിയിലുൾപ്പെടുത്തി പൈപ്പുകൾ സ്ഥാപിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതിന് എതിർവശത്താണിത്. ആവശ്യമായയിടങ്ങളിൽ റോഡിനു കറുകെയും പൈപ്പുകൾ ഇടുന്നുണ്ട്. ഭാവിയിൽ റോഡ് വെട്ടിമുറിക്കുന്നത് ഒഴിവാക്കാനാണിത്. സംസ്ഥാനത്ത് ജർമ്മൻ ടെക്നോളജിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചത് ആനയടി - കൂടൽ റോഡിന്റെ വെള്ളച്ചിറ മുതൽ പള്ളിക്കൽ പഞ്ചായത്തോഫീസ് വരെയുള്ള അഞ്ച് കിലോമീറ്റർ ഭാഗമാണ്. ഇവിടെ റോഡ് പണിക്കിടയിൽ പൈപ്പുകൾ പൊട്ടിയിരുന്നു. ഇതു ശരിയാക്കാൻ വാട്ടർ അതോറിറ്റി റോഡ് മുറിച്ചത് വിവാദമാകുകയും തുടർന്ന് പൊതുമരാമത്ത് മന്ത്രി ഇടപെട്ട് റോഡ് മുറിക്കുന്നത് തടയുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി പഴകുളം ആലുംമൂട് മുതൽ പള്ളിക്കൽ ഭാഗങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം നടത്തിയിട്ടില്ല. ഇപ്പോൾ പഴകുളം മുതൽ ആനയടി വരെ വാട്ടർ അതോറിറ്റി നേരിട്ട് പൈപ്പുകൾ സ്ഥാപിക്കുന്നുണ്ട്.

ഏറെ വൈകി

2019 നവംബറിലാണ് ആനയടി - കൂടൽ റോഡ് നിർമ്മാണം ഉദ്ഘാടനം നടത്തിയത്. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തീകരി ക്കുമെന്നായിരുന്നു പ്രഖ്യാപനം. പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ വൈകിയത് , ലോക്ക് ഡൗൺ , തൊഴിലാളി ക്ഷാമം ഇവയെല്ലാം പണി നീണ്ടു പോകുന്നതിന് കാരണമായി. ഇപ്പോഴും ഓടകളുടെ നിർമ്മാണമടക്കമുള്ള ജോലികൾ നടക്കുന്നതേയുള്ളു.

35.109 കി.മീറ്ററാണ് ദൂരം. 109 കോടിയാണ് ആകെ ചെലവ്.