പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് എത്രയും വേഗം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 12 മുതൽ വകയാറിലുള്ള ഹെഡ് ഓഫീസിന് മുന്നിൽ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകും സമരം. സർക്കാർ നടപടികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. പണം നഷ്ടപ്പെട്ട നിക്ഷേപകർ ആത്മഹത്യയുടെ വക്കിലാണിപ്പോൾ. ഇതിനകം അഞ്ച് നിക്ഷേപകർ മരണപ്പെട്ടതായും ഭാരവാഹികൾ പറഞ്ഞു. കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലും നിക്ഷേപകരുടെ മൊഴി എടുക്കുന്നതിലും താമസമുണ്ട്. സാമ്പത്തിക തട്ടിപ്പിന് കൂട്ടു നിന്ന മുഴുവൻപേരെയും അറസ്റ്റ് ചെയ്തിട്ടില്ല. രാജ്യത്തിന് പുറേത്തക്കും നിയമ വിരുദ്ധമായി പണം കടത്തിയിട്ടും കണ്ട് പിടിക്കാൻ കഴിഞ്ഞിട്ടില്ല. . 2014 മുതൽ പോപ്പുലർ ഗ്രൂപ്പ് തകർച്ചയിലാണെന്ന് ഓഡിറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോപ്പുലർ ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാ ധന വിനിമയ പ്രവർത്തനങ്ങളും മരവിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സി.എസ്.നായർ,ജനറൽ സെക്രട്ടറി തോമസ് തുമ്പമൺ,കൺവീനർ സാം ജോൺ, അനസ് താമരക്കുളം എന്നിവർ പങ്കെടുത്തു.