tvla
തിരുവല്ല ബൈപ്പാസ് മേൽപ്പാലത്തിൽ കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് ഗർഡ‌ർ സ്ഥാപിക്കുന്നു.

തിരുവല്ല : നിർമ്മാണം പുരോഗമിക്കുന്ന തിരുവല്ല ബൈപ്പാസിന്റെ പൂർത്തീകരണത്തിനായി കാത്തിരിക്കാം നാലുമാസം കൂടി. ബൈപ്പാസിന്റെ അവസാന ഘട്ടമായ മല്ലപ്പള്ളി - രാമഞ്ചിറ റോഡിന്റെ പണികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇവിടെ മേൽപ്പാലത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. തൂണുകളുടെ നിർമ്മാണം പൂർത്തിയായി. ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ഗർഡറുകൾ കാസ്റ്റ് ചെയ്യുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. ഇതോടൊപ്പം രാമഞ്ചിറ ഭാഗത്തെ കലുങ്കിന്റെയും തോടിന്റെയും പണികളും റോഡ് മണ്ണിട്ടുയർത്തുന്ന ജോലികളും നടക്കുകയാണ്. ഗർഡറുകൾ കാസ്റ്റ് ചെയ്തശേഷം സ്ലാബ് വാർക്കുന്ന ജോലികൾ കൂടി പൂർത്തിയാകാനുണ്ട്. കാൽനൂറ്റാണ്ട് മുമ്പ് ലക്ഷ്യമിട്ട തിരുവല്ല ബൈപ്പാസ് പലവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ ഡിസൈനിലുണ്ടായ അപാകതയും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ബൈപാസിന്റെ യഥാർത്ഥ ഡിസൈൻ പ്രകാരം മല്ലപ്പള്ളി - രാമഞ്ചിറ റോഡിൽ 40 അടിയോളം ഉയരത്തിൽ മണ്ണിട്ട് നികത്താനായിരുന്നു പദ്ധതി. എന്നാൽ ഇപ്രകാരം ഉയർത്താൻ ലക്ഷക്കണക്കിന് ക്യുബിക്ക് മീറ്റർ മണ്ണ് ആവശ്യമായി വരും. കൂടാതെ ചതുപ്പ് നിലമായതിനാൽ മണ്ണിട്ട് നികത്തിയാൽ ഭാവിയിൽ ഇരുത്തപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഈ കാരണങ്ങൾ കണക്കിലെടുത്ത് പുതിയ ഡിസൈൻ തയ്യാറാക്കി ലോക ബാങ്കിന്റെ അനുമതി നേടി. പഴയ കരാർ അവസാനിപ്പിച്ച് പുതിയ ടെൻഡർ വിളിച്ച ശേഷമാണ് പണികൾ ആരംഭിച്ചത്. തുടർന്ന് വെള്ളപ്പൊക്കവും കൊവിഡ് മൂലമുണ്ടായ തൊഴിലാളി ക്ഷാമവും പ്രശ്നങ്ങൾ സൃഷ്ടിച്ചു.

പുതുവർഷ സമ്മാനം

നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച തിരുവല്ല ബൈപ്പാസ് പൂർണ്ണമായും പുതുവർഷത്തിൽ തുറന്ന് കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. അവസാനവട്ട പണികൾ പുരോഗമിക്കുന്നത്. കാലങ്ങൾ പിന്നിട്ടെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കിന് തിരുവല്ല ബൈപ്പാസ് വലിയ ആശ്വാസകരമാകും.