 
അടൂർ : ഒരുഭാഗത്ത് റോഡ് നവീകരണത്തിന് കരാറും നൽകി കാത്തിരിക്കുന്ന പൊതുമരാമത്ത് വകുപ്പ്, മറുഭാഗത്ത് ഉന്നത നിവലാരത്തിലുള്ള ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പണത്തിനായി കിഫ്ബിയുടെ കരുണകാത്ത് വാട്ടർ അതോററ്റിയും. ഇതിനിടയിൽപ്പെട്ട് തകർന്ന് തരിപ്പണമായി കിടക്കുകയാണ് പറക്കോട് - കൊടുമൺ പാത.
കെ.പി റോഡിനേയും ഏഴംകുളം - കൈപ്പട്ടൂർ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണത്തിന് പണം അനുവദിച്ച് കരാർ നൽകിയിട്ട് ഒന്നേകാൽ വർഷം പിന്നിടുന്നു. എന്നാൽ ചിരണിക്കൽ ട്രീറ്റ്മെന്റ് പ്ളാന്റിൽ നിന്നുള്ള ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ വൈകുന്നതാണ് റോഡുപണിക്ക് തടസമായിരിക്കുന്നത്. 3.600 കിലോമീറ്റർ ദൈർഘ്യമുള്ള പാത അടിക്കടിയുള്ള പൈപ്പുപൊട്ടൽ കാരണം തകർന്ന് തരിപ്പണമായിട്ട് മൂന്ന് വർഷത്തിലേറെയായി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ്. ഇതിന് പരിഹാരമായാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ അഞ്ചരമീറ്റർ വീതിയിൽ ടാർ ചെയ്യുന്നതിന് 3 കോടി രൂപ അനുവദിച്ചത്. കരാർ നൽകിയിട്ട് 16 മാസം പിന്നിടുന്നു. റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത് നിലവാരം കുറഞ്ഞ ആസ്ബസ്റ്റോസ് പൈപ്പാണ്. ഇത് മാറ്റി പകരം ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തീകരിക്കാതെ ടാറിംഗ് നടത്തിയാൽ ഉന്നത നിലവാരത്തിൽ ടാർ ചെയ്ത കെ. പി റോഡിന്റെ തകർച്ച ഇവിടെയും ആവർത്തിക്കുമെന്ന ആശങ്കയാണുള്ളത്. ചിരണിക്കൽ ട്രീറ്റ്മെന്റ് പ്ളാന്റ് മുതൽ പറക്കോട് ജംഗ്ഷൻ വരെയാണ് പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടത്. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചെങ്കിലും പണം അനുവദിച്ചിട്ടില്ല.
പൈപ്പ് മാറ്റിയിട്ട് എത്രയും വേഗം റോഡ് കൈമാറണമെന്ന് വാട്ടർ അതോററ്റിയോട് നിരവധി തവണ അഭ്യർത്ഥിച്ചതാണ്. പൈപ്പ് പണി പൂർത്തീകരിക്കാതെ ടാറിംഗ് ചെയ്യാനാകില്ല.
എക്സിക്യൂട്ടീവ് എൻജിനിയർ,
പൊതുമരാമത്ത് വകുപ്പ്.
നേരത്തെ 3.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പിന്നീട് ജി. എസ്.ടിയും പൊതുമരാമത്ത് വകുപ്പിന് നൽകേണ്ട നഷ്ടപരിഹാരത്തുകയും വർദ്ധിച്ചു. തുടർന്ന് 4.67കോടിയുടെ റിവേഴ്സ് എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു. ഇതിനുള്ള ഭരണാനുമതി ലഭിച്ചാൽ മാത്രമേ ടെൻഡർ നടപടികളിലേക്ക് പോകാനാകൂ.
എക്സിക്യൂട്ടീവ് എൻജിനിയർ,
വാട്ടർ അതോററ്റി.
ഒാരോ കാരണങ്ങൾ നിരത്തി നാട്ടുകാരുടെ ക്ഷമപരീക്ഷിക്കുകയാണ്. അധികൃതർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മന്നോട്ടുപോകും.
മനു തയ്യിൽ.
പൊതുപ്രവർത്തകൻ.