നെല്ലിക്കൽ: കോയിപ്രം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തി. ജില്ലയിലെ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. വീഡിയോ കോൺഫറൻസിലൂടെ ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. വീണാ ജോർജ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ആശുപത്രിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ കൃഷ്ണകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ വിജയകുമാർ, അംഗങ്ങളായ ജോളി മാത്യു, ബിനി ഷാജി, സി.പി.എം ലോക്കൽ സെക്രട്ടറി ബിജു വർക്കി, കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ, ആർദ്രം മിഷൻ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.സി.ജി ശ്രീരാജ്, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ബിബിൻ സാജൻ എന്നിവർ പ്രസംഗിച്ചു. കുടുംബാരോഗ്യ കേന്ദ്രമായതോടെ കൂടുതൽ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെ സേവനം ലഭ്യമാകും.