waste
കടപ്രയിലെ തോംസൺ ബേക്കറിയുടെ മാലിന്യ പ്ലാന്റ് പരിശോധിക്കാനെത്തിയ സബ് കളക്ടറോടൊപ്പം വന്ന പോലീസുകാരൻ മാലിന്യം തള്ളിയ ചതുപ്പിൽ വീണപ്പോൾ

തിരുവല്ല : മാലിന്യപ്രശ്നത്തെ കുറിച്ച് പ്രദേശവാസികൾ നൽകിയ പരാതിയെ തുടർന്ന് അന്വേഷിക്കാൻ എത്തിയ സംഘത്തിലെ പൊലീസുകാരൻ മാലിന്യം നിറഞ്ഞ ചതുപ്പിൽ കുടുങ്ങി. ബേക്കറി ബോർമ്മയുടെ പ്രവർത്തനം നിറുത്താൻ തിരുവല്ല സബ്കളക്ടർ ചേതൻ കുമാർ മീണ ഉത്തരവിട്ടു. കടപ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന തോംസൺ ബേക്കേഴ്സിന്റെ ബോർമ്മയുടെയും മാലിന്യ പ്ലാന്റിന്റെയും പ്രവർത്തനമാണ് തടഞ്ഞത്. പരാതിയെക്കുറിച്ച് പരിശോധിക്കാൻ കഴിഞ്ഞ ദിവസം സബ് കളക്ടറും സംഘവും വരുന്നെന്ന വിവരമറിഞ്ഞു മാലിന്യത്തിന് മുകളിൽ മണ്ണും കരിയിലയും കച്ചിയും മറ്റുമിട്ടു മറയ്ക്കുകയായിരുന്നു. ഇതറിയാതെ മാലിന്യം മൂടിയയിടത്തേക്ക് നടന്നു കയറിയ പൊലീസുകാരന്റെ കാൽ ചെളിയിൽ താഴ്ന്ന് പോകുകയും തുടർന്നുള്ള പരിശോധനയിൽ മാലിന്യം മണ്ണും മറ്റും ഉപയോഗിച്ച് മറച്ചുവച്ചതാണെന്നും അധികൃതർക്ക് ബോധ്യപ്പെട്ടു. ബേക്കറിയുടെ ബോർമ്മയിൽ നിന്നുള്ള മാലിന്യങ്ങൾ വർഷങ്ങളായി അസഹനീയമായ ദുർഗന്ധം ഉണ്ടാക്കിയിരുന്നതായും മലിനജലത്തിന്റെ പുറന്തള്ളൽ കാരണം കിണറുകളിലെ വെള്ളത്തെയും ദോഷകരമായി ബാധിച്ചതായും പരാതിയിൽ പറയുന്നു. കൂടാതെ അടുത്തകാലത്ത് ശുചീകരിച്ച കോലറയാറിലേക്ക് മാലിന്യം ഒഴുക്കിയതും നാട്ടുകാരുടെ പരാതിക്കും പ്രതിഷേധത്തിനും ഇടയാക്കി. സ്ഥലം സന്ദർശിച്ച സബ് കളക്ടർ പരാതിയെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ കടപ്ര പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസർക്കും നിർദ്ദേശം നൽകി.