പത്തനംതിട്ട: ശബരിമലയിൽ തുലാമാസ പൂജയ്ക്ക് ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് കുളിക്കാൻ 20 ഷവർ പമ്പ ത്രിവേണിയിൽ ഒരുക്കും. 16 എണ്ണം പുരുഷൻമാർക്കും മറകളാേടു കൂടിയ 4 എണ്ണം സ്ത്രീകൾക്കുമാണ്. രണ്ടു വശത്തും 10 വീതം ഷവറുകളാണ് സ്ഥാപിക്കുന്നത്. സാമൂഹിക അകലം പാലിക്കാൻ ഷവറുകൾ തമ്മിൽ രണ്ട് മീറ്റർ അകലമുണ്ടായിരിക്കും. പുരുഷൻമാർക്ക് വസ്ത്രം മാറാൻ പ്രത്യേകം മറകൾ കെട്ടും. വരുന്ന വ്യഴാഴ്ചയോടെ ഷവറുകൾ പ്രവർത്തനക്ഷമമാകും. തുലാമാസ പൂജയിൽ ഒരു ദിവസം 250 പേരെയാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്.
തിരുവല്ല സബ്കളക്ടർ ചേതൻകുമാർ മീണയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പമ്പ സന്ദർശിച്ചാണ് ക്രമീകരണങ്ങൾ നിശ്ചയിച്ചത്. കുളിക്കുന്ന ജലം ടാങ്കിൽ സംഭരിച്ച് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പമ്പ് ചെയ്യും. ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ നാളെ തുടങ്ങും.
ഷവർ സംവിധാനം, പ്ലംബിംഗ് ജോലികൾ എന്നിവ ഇറിഗേഷൻ വകുപ്പ് പൂർത്തിയാക്കും. മലിനജലം ടാങ്കിൽ നിന്ന് നീക്കം ചെയ്യാനുള്ള ചുമതല ദേവസ്വം ബോർഡിനാണ്. പൈപ്പ് കണക്‌ഷൻ വാട്ടർ അതോറിട്ടി നല്‍കും. സാനിറ്റെസേഷൻ സൗകര്യം ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടം റവന്യൂ വകുപ്പ് നിർവഹിക്കും.
റാന്നി തഹസിദാർ നവീൻബാബു, ഡെപ്യൂട്ടി തഹസിദാർ അജികുമാർ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ നദീർ, ദേവസ്വം ബോർഡ് എൻജിനിയർ ഷാജിമോൻ, ആരോഗ്യ വകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് ശശിധരൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ തിരുവല്ല സബ് കളക്ടർക്കൊപ്പമുണ്ടായിരുന്നു.