
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 300 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.തിരുവല്ല നഗരസഭാ പരിധിയിൽ 59 പേരും പത്തനംതിട്ടയിൽ 38 പേരും രോഗബാധിതരായി.ജില്ലയിൽ ഇതുവരെ ആകെ 10604 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 7849 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതമായ രണ്ടു മരണം റിപ്പോർട്ട് ചെയ്തു. മെഴുവേലി സ്വദേശി (71), മഞ്ഞാടി സ്വദേശിനി (86) എന്നിവരാണ് മരിച്ചത്. ഇന്നലെ 240 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7535 ആണ്.
കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം
പത്തനംതിട്ട : കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് (ചിരട്ടോലി, പുന്നത്തോലി, തൂങ്ങുപാല, കവല മുതൽ പുന്നത്തോലി ചിരട്ടോലി ചുട്ടുമൺ പാറക്കുറി വരെ), തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11, 13, കോയിപ്രം ഗ്രാമപഞ്ചാ യത്തിലെ വാർഡ് അഞ്ച് (പുല്ലാട് ഭാഗം), വാർഡ് ആറ് (ബ്ലോക്ക് പഞ്ചായത്തിനു സമീപമുള്ള അഴക്കേടത്തു ഭാഗം), പത്തനംതിട്ട നഗരസഭയിലെ വാർഡ് 30 (മിനി സിവിൽ സ്റ്റേഷനും പരിസരവും) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം നീക്കി
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച്, തിരുവല്ല നഗരസഭയിലെ വാർഡ് ഒന്ന് (ഇടത്തിട്ട ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് (പൊട്ടൻമല ഭാഗം), വാർഡ് അഞ്ച്, ആറ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത്, 10 (കിടങ്ങന്നൂർ മാർക്കറ്റ് ഭാഗം, കിടങ്ങന്നൂർ ജംഗ്ഷൻ മുതൽ വില്ലേജ് ഓഫീസ് വരെ), ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് (പ്ലാച്ചേരിക്കാല ഭാഗം) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.
പൊലീസുകാർക്ക് കൊവിഡ്
തിരുവല്ല: തിരുവല്ല പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കും വനിതാ കോൺസ്റ്റബിനുമടക്കം മൂന്ന് പൊലീസുകാർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് എസ്.ഐമാരും എ.എസ്.ഐ മാരുമടക്കം നിലവിൽ 18 പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എ.എസ്.ഐ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സി.ഐ ഉൾപ്പടെ മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. നിലവിൽ നിരീക്ഷണത്തിൽ തുടരുന്ന 10 പൊലീസുകാരുടെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.