covid

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് കൊവിഡ് കുതിക്കുകയാണ്. നിരവധി പൊലീസുകാർക്കും അഭിഭാഷകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 144 പ്രഖ്യാപിച്ചിട്ടും തിരക്കിന് കുറവൊന്നുമില്ല. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 7 കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.12 പേരയാണ് പരിശോധിച്ചത്. അത്യാവശ്യ പരാതികൾ മാത്രമേ സ്റ്റേഷനിൽ സ്വീകരിക്കുകയുള്ളുവെന്ന് സ്റ്റേഷൻ അധികൃതർ അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. മിനി സിവിൽ സ്റ്റേഷൻ പരിസരം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി അഭിഭാഷകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . മിനി സിവിൽ സ്റ്റേഷനിലാണ് വിവിധ കോടതികൾ പ്രവർത്തിക്കുന്നത്. കോടതികളുടെ പ്രവർത്തനം തത്ക്കാലത്തേക്ക് നിറുത്തിവയ്ക്കണമെന്ന് പത്തനംതിട്ട ബാർ അസോസിയേഷൻ കളക്ടറോട് കത്ത് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട് . ഇതിന് അനുമതി ലഭിച്ചേക്കുമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഡി.എം.ഒ യുടെ നിർദ്ദേശം വകവയ്ക്കാതെ നടത്തിയ പത്തനംതിട്ട ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലൂടെയാണ് അഭിഭാഷകർക്കിടയിൽ കൊവിഡ് പിടിപ്പെട്ടതെന്ന ആരോപണവും ഉയർന്നിട്ടുണ്ട് . കളക്ടറുടെ അനുമതി വാങ്ങിയായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത് . അഡ്വക്കേറ്റ് ക്ലാർക്കുമാരും നിരീക്ഷണത്തിലാണ്. ഇപ്പോൾ 6 അഭിഭാഷകർക്കും 2 അഡ്വക്കേറ്റ് ക്ലാർക്കുമാർക്കും കൊവിഡ് ബാധിച്ചതായി ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ ശരിയായ കണക്ക് മറച്ച് വച്ചതായും കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ചതായും അഭിഭാഷകർ തന്നെ പറയുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നി ന്നുള്ള അഭിഭാഷകർ പത്തനംതിട്ട കോടതിയിൽ വരുന്നുണ്ട്.

സർക്കാർ ഓഫീസുകൾ ഭീതിയിൽ

മിനി സിവിൽ സ്റ്റേഷനിൽ അമ്പതിൽ അധികം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. അഭിഭാഷകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ജീവനക്കാരും ഇപ്പോൾ ആശങ്കയിലാണ്. താലൂക്ക് ഓഫീസ്, ട്രഷറി ഓഫീസ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം, പി.ഡബ്ല്യൂ.ഡി ഓഫീസ്, പട്ടിക ജാതി വിഭാഗം ഓഫീസ് എന്നിവയെല്ലാം ഈ കെട്ടിടത്തിലാണ്. ആയിരത്തിലധികം പേർ ദിവസവും വന്നു പോകുന്നയിടമാണിത്.

ഇനിയും കൂടിയേക്കാം

ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികൃതരും ഇത് ശരിവയ്ക്കുന്നു. ജില്ലയിൽ പതിനൊന്ന് ഐ.സി.യു യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. അത്യാവശ്യമായുള്ള സാഹചര്യത്തിന് മുപ്പത് യൂണിറ്റുകൾ തയാറായിട്ടുണ്ട്. നിലവിലുള്ള 11 ഐ.സി.യു വിൽ എട്ടെണ്ണത്തിൽ രോഗികളുണ്ട്. കാർഡിയോളജി വിഭാഗത്തിന്റെയടക്കം 40 വെന്റിലേറ്ററുകൾ തയാറായി കഴിഞ്ഞു. പോസിറ്റീവ് ആണെങ്കിലും അപകട സാദ്ധ്യത കുറഞ്ഞ രോഗികൾക്കായി എട്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

" മുഴുവൻ അടച്ചിടിൽ ഇനിയും നടക്കുമെന്ന് തോന്നുന്നില്ല. അതിജീവന പ്രതിരോധ രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. ഹൈ റിസ്ക് കോൺടാക്ട് ക്വാറന്റൈനിലിരിക്കുകയും ലോ റിസ്ക് കോൺടാക്ട് റിസൾട്ട് നെഗറ്റീവായാൽ ജോലിയ്ക്ക് വരികയും ചെയ്യാം. "

ഡോ. എ.എൽ ഷീജ

ഡി.എം.ഒ

378 പേർക്ക് കൊവിഡ്

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 378 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 49 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 323 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്.

ഇതുവരെ ആകെ 10982 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 8172 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയിൽ ഇതുവരെ 65 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ഇന്നലെ 151 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7686 ആണ്.