
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറുമ്പോൾ ജില്ലയ്ക്കും അഭിമാനിക്കാൻ ഏറെയുണ്ട്. ഇന്ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈടെക്ക് വൽക്കരണ പ്രഖ്യാപനം നടത്തുമ്പോൾ ജില്ലയിലെ മണ്ഡലങ്ങളിലും പ്രത്യേക ഉദ്ഘാടന ചടങ്ങ് നടക്കും.
ജില്ലയിൽ സർക്കാർ, എയ്ഡഡ് വിഭാഗത്തിലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള 661 ഉം എട്ടു മുതൽ 12 വരെ ക്ലാസുകളുള്ള 268 ഉം ഉൾപ്പെടെ 929 സ്‌കൂളുകളിലാണ് ഹൈടെക് വിന്യാസം പൂർത്തിയായത്. ഇതിന്റെ ഭാഗമായി 4033 ലാപ്‌ടോപ്പ്, 2523 മൾട്ടിമീഡിയ പ്രൊജക്ടർ, 3296 യു.എസ്.ബി സ്പീക്കർ, 1448 മൗണ്ടിംഗ് അക്‌സസറീസ്, 808 സ്‌ക്രീൻ, 257 ഡി.എസ്.എൽ.ആർ കാമറ, 250 മൾട്ടിഫംഗ്ഷൻ പ്രിന്റർ, 268 എച്ച്.ഡി വെബ്ക്യാം, 256 ടെലിവിഷൻ എന്നിവ ജില്ലയിൽ ലഭ്യമാക്കി. 616 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. ജില്ലയിൽ 97 ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളിലായി 4891അംഗങ്ങളുണ്ട്. 6313 അദ്ധ്യാപകർ ജില്ലയിൽ പ്രത്യേക ഐ.ടി പരിശീലനം നേടി.
കൂടുതൽ സൗകര്യം തിരുവല്ല എം.ജി.എമ്മിൽ
ജില്ലയിൽ ഹൈടെക് പദ്ധതികളിൽ കൈറ്റ് ഏറ്റവും കൂടുതൽ ഐടി ഉപകരണങ്ങൾ വിന്യസിച്ചത് തിരുവല്ല എം.ജി.എം.എച്ച്.എസ്.എസിൽ (176) ആണ്. എസ്.വി.ജി.വി.എച്ച്.എസ്.എസ് കിടങ്ങന്നൂരും (168) എസ്.സി.എച്ച്.എസ്.എസ് റാന്നിയും (167) ആണ് തൊട്ടടുത്ത്.
സ്‌കൂളുകളിൽ വിന്യസിച്ചിട്ടുള്ള ഹൈടെക് ഉപകരണങ്ങൾ സ്‌കൂൾ, തദ്ദേശ ഭരണ സ്ഥാപനം, അസംബ്ലി, പാർലമെന്റ് മണ്ഡലം എന്നിങ്ങനെ തിരിച്ച് സമേതം പോർട്ടലിലെ (sametham.kite.kerala.gov.in) ഹൈടെക് സ്‌കൂൾസ് ലിങ്കിൽ ലഭ്യമാണ്.
ചെലവിട്ടത് 26.15 കോടി
പദ്ധതിക്കായി ജില്ലയിൽ കിഫ്ബിയിൽ നിന്ന് 21.05 കോടിയും പ്രാദേശിക തലത്തിൽ 5.10 കോടിയും ഉൾപ്പെടെ 26.15 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്.
പ്രഖ്യാപന ചടങ്ങ് ഇന്ന് രാവിലെ 11 ന് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി തത്സമയം കാണാം.
അഞ്ചിടത്ത് പ്രഖ്യാപനം
ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് യോഗങ്ങൾ ചേരും. തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ. മാത്യു ടി.തോമസ് എം.എൽ.എയും പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ വീണാ ജോർജ് എം.എൽ.എയും അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എയും റാന്നി എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാജു എബ്രഹാം എം.എൽ.എയും കോന്നി ആർ.വി.എച്ച്.എസ്.എസിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും ഹൈടെക്ക് വൽക്കരണം പൂർത്തിയായതായി പ്രഖ്യാപിക്കും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി എന്നിവർ പങ്കെടുക്കും.