പന്തളം: നഗരസഭയുടെ നാനാഭാഗത്തും മാലിന്യങ്ങൾ കുന്നുകൂടി ചീഞ്ഞുനാറുമ്പോൾ മൊമന്റോയും പ്രശംസാപത്രവും ഏറ്റുവാങ്ങി പന്തളത്തെ ജനങ്ങളെ അപഹാസ്യരാക്കുന്ന നടപടിയിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. പന്തളത്തിന്റെ നാനാഭാഗവും മാലിന്യ കൂമ്പാരം കൊണ്ട് ചീഞ്ഞുനാറുമ്പോൾ ശുചിത്വ പദവിക്കായി അപേക്ഷ സമർപ്പിക്കാൻ വിഷയം കൗൺസിലിൽ അവതരിപ്പിപ്പോൾ തന്നെ യു.ഡി.എഫ് അംഗങ്ങൾ ഇതിനെ എതിർത്തിരുന്നു.ശുചിത്വ പദവി പ്രഖ്യാപനത്തോടൊപ്പം കോടിക്കണക്കിന് രൂപ മാലിന്യ സംസ്‌കരണത്തിനായി നൽകുമെന്ന മുനിസിപ്പൽ അധികാരികൾ നൽകിയ വാഗ്ദാനവും ലംഘിക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷം തുമ്പൂർ മൊഴി പോലെയുള്ള ഒത്തിരി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നു പോലും നടപ്പിലാക്കാതെ സർക്കാരിനെയും ശുചിത്വമിഷൻ അധികാരികളെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. എൻ.ജി.സുരേന്ദ്രൻ,സെക്രട്ടറി കെ.ആർ വിജയകുമാർ,അഡ്വ കെ.എസ് ശിവകുമാർ,എ.നൗഷാദ് റാവുത്തർ ,പന്തളം മഹേഷ് ,ജി.അനിൽകുമാർ,എം.ജി രമണൻ,മഞ്ജു വിശ്വനാഥ് ,സുനിതാ വേണു,ആനി ജോൺ തുണ്ടിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.