12-manneera-waterfall
മണ്ണീറ വെള്ളച്ചാട്ടം

തണ്ണിത്തോട് : കൊവിഡ് പരത്തിയ വിലക്കുകളിൽ സഞ്ചാരികൾ കുറഞ്ഞെങ്കിലും മഴയെത്തിയതോടെ കൂടുതൽ മനോഹരിയാവുകയാണ് മണ്ണീറ വെള്ളച്ചാട്ടം. തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടം കാണാം. അടവിയിലെത്തുന്ന വിനോദ സഞ്ചാരികൾ ഇവിടെയുമെത്തിയിരുന്നു. കുട്ടവഞ്ചി സവാരി കേന്ദ്രം കഴിഞ്ഞ മാർച്ച് 9ന് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചപ്പോൾ വെള്ളച്ചാട്ടം കാണാനും സഞ്ചാരികൾ എത്താതായി. കുട്ടവഞ്ചി സവാരി കേന്ദ്രം തുറന്നെങ്കിലും സഞ്ചാരികളുടെ കുറവ് മണ്ണീറ വെള്ളച്ചാട്ടത്തെയും ബാധിച്ചു.

വനത്തിലെ പാറക്കെട്ടുകളിൽ തട്ടി കൈവഴി തീർത്ത് ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളം നയന മനോഹരമാണ്. നാല് ചെറിയ വെള്ളച്ചാട്ടവും വലിയ വെള്ളച്ചാട്ടവും ചേർന്നതാണ് മണ്ണിറയുടെ ജലസമൃദ്ധി. ജില്ലയിലെ ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടമെന്ന പ്രത്യേകതയും ഇതിനുണ്ട്.

വെള്ളച്ചാട്ടത്തിന് സമീപം വരെ വാഹനങ്ങൾ എത്തും.

കുട്ടവഞ്ചി സവാരികേന്ദ്രമായ അടവിയിലെത്തുന്ന സന്ദർശകർക്ക് കല്ലാറ്റിലെ കുട്ടവഞ്ചി സവാരിയും മുളം കുടിലുകളിലെ താമസവും ആരണ്യകം ഇക്കോ ഷോപ്പിലെ നാടൻ ഭക്ഷണങ്ങളും മണ്ണീറ വെള്ളച്ചാട്ടത്തിലെ കുളിയും പുതിയ അനുഭവങ്ങളായിരുന്നു.

മണ്ണീറ ജംഗ്ഷനിൽ നിന്ന് വെള്ളച്ചാട്ടത്തിനരികിലേക്കുള്ള ഒരു കിലോമീറ്റർ പഞ്ചായത്ത് റോഡ് തകർച്ചയിലാണ്. എം.എൽ.എ ഫണ്ടുപയോഗിച്ച് പുനർനിർമ്മിക്കുന്ന റോഡിന്റെ പണികൾ 17ന് തുടങ്ങും.

റ്റിജോ തോമസ്

ഗ്രാമ പഞ്ചായത്തംഗം