teaching

തിരുവല്ല: സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന താലോലം പരിശീലന പരിപാടികൾക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വീണാ ജോർജ്ജ് എം.എൽ.എ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ സർക്കാർ ഹോണറേറിയം ലഭിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രീസ്‌കൂളുകളിലെ 41 അദ്ധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. മുൻവർഷം ആരംഭിച്ച പ്രീസ്‌കൂൾ ശാക്തീകരണ പരിപാടിയുടെ തുടർച്ചയായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വിദഗ്ധരായ ഡോ.ടി.പി.കലാധരൻ,ഡോ.ആർ.വിജയമോഹനൻ, ഡോ.പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നടത്തിയ അവസ്ഥാപഠനത്തിന്റെ കണ്ടെത്തലുകളുടെയും എസ്.സി.ഇ.ആർ.ടി തയാറാക്കിയ കളിപ്പാട്ടം കൈപ്പുസ്തകത്തിന്റെയും അടിസ്ഥാനത്തിലാണ് താലോലം എന്ന കൈപ്പുസ്തകം തയാറാക്കിയിട്ടുള്ളത്. ഇതിന്റെ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള അദ്ധ്യാപക ശാക്തീകരണമാണ് ജില്ലയിൽ നടക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പുല്ലാട്, കോഴഞ്ചേരി,അടൂർ, പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം. ബി.ആർ.സി ട്രെയിനർമാരായ ഷാദം.എ, ബിജി വർഗീസ് എന്നിവരാണ് റിസോഴ്‌സ് പേഴ്‌സൺ. ഇരവിപേരൂർ ഗവ.എൽ.പി സ്‌കൂളിലെ അദ്ധ്യാപക പരിശീലനത്തിൽ ജില്ലാ പ്രോഗ്രാം ഓഫീസർ പി.എ.സിന്ധുവാണ് കോർഡിനേറ്റർ. സമഗ്രശിക്ഷ കേരളയുടെ ജില്ലാപ്രോജക്ട് കോർഡിനേറ്റർ കെ.വി.അനിൽ, സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ കെ.ജെ.ഹരികുമാർ, ഡോ.പി.പ്രമോദ്,ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണുഗോപാൽ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോർഡിനേറ്റർ രാജേഷ്.എസ്,പുല്ലാട് എ.ഇ.ഒ അനില ബി.ആർ, മുൻ ഡി.പി.ഒ ഡോ.ആർ.വിജയമോഹനൻ എന്നിവർ പ്രസംഗിച്ചു.